കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ. കൊച്ചി ഇഡി ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് വേണുഗോപാൽ ഇക്കാര്യം ആവർത്തിച്ചത്. വേണുഗോപാലിന്റെയും സ്വപ്‌നയുടേയും പേരിലുള്ള ഈ ലോക്കറിൽ നിന്നാണ് ലൈഫ് മിഷൻ അഴിമതിക്കേസിലെ കോഴത്തുകയായ ഒരു കോടി രൂപ കണ്ടെടുത്തത്. പത്ത് മണിക്കൂറിലേറെ സമയമാണ് ഇഡി വേണുഗോപാലിനെ ചോദ്യം ചെയ്തത്.
കോഴ ഇടപാടിനെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്ന മൊഴിയാണ് ശിവശങ്കർ ആവർത്തിക്കുന്നത്. ലോക്കറിൽ വയ്ക്കുന്നതിനായി സ്വപ്‌ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെക്കുറിച്ച് താനും ശിവശങ്കറും തമ്മിൽ ചര്‍ച്ച നടത്തിയിരുന്നുവെന്നും വേണുഗോപാൽ പറയുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ ചൊവ്വാഴ്ചയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ശിവശങ്കർ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് ചാർട്ടേഡ് അക്കൗണ്ടന്റിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ഇഡി തീരുമാനിക്കുന്നത്.
കേസിലെ മറ്റ് പ്രതികളേയും അടുത്ത ദിവസം വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ ആലോചനയുണ്ട്. യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ, സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരും കേസിലെ പ്രതികളാണ്. ഇവരെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയുന്നത്. കേസിലെ മറ്റ് പ്രതികളുടെ അറസ്റ്റും തുടർ ദിവസങ്ങളിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്.












