ടെഹ്‌റാൻ: ഇന്ത്യൻ സന്ദർശനം റദ്ദാക്കി ഇറാൻ വിദേശകാര്.മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ. മാർച്ച് മാസം 3,4 തീയതികളിലായി നടക്കുന്ന റെയ്‌സിന ഡയലോഗിൽ പങ്കെടുക്കാനായി ഇറാൻ വിദേശകാര്യമന്ത്രി എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ ഈ കോൺഫറൻസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രമോഷണൽ വീഡിയോയിൽ ഇറാനിയൻ സ്ത്രീകൾ മുടിമുറിക്കുന്ന രംഗങ്ങളും ഉണ്ടായിരുന്നു. ഇറാൻ പ്രസിഡന്റ് ഇബ്രാഹം റെയ്‌സിയുടെ ചിത്രത്തിന് സമീപത്ത് നിന്ന് മുടിമുറിക്കുന്ന രണ്ട് സെക്കൻഡ് വീഡിയോ ഇറാനെ അസ്വസ്ഥമാക്കിയെന്നാണ് വിവരം.
വീഡിയോയിലെ രംഗം ഇറാൻ എംബസിയെ ചൊടിപ്പിച്ചെന്നും അവരുടെ പ്രസിഡന്റിനെയും പ്രതിഷേധക്കാരെയും ചിത്രീകരിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി റെയ്‌സി ഡയലോഗിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
2016 മുതൽ വർഷം തോറും നടക്കുന്ന ജിയോപൊളിറ്റിക്‌സ്, ജിയോ ഇക്കണോമിക്‌സ് എന്നിവയെ കുറിച്ചുള്ള ഇന്ത്യയുടെ പ്രധാന കോൺഫറൻസാണ് റെയ്‌സിന ഡയലോഗ്. ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് വിദേശകാര്യ മന്ത്രാലയമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.








