ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അന്തരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന്റെ പരാമർശത്തിൽ ചുട്ട മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അറിയപ്പെടുന്ന സാമ്പത്തിക യുദ്ധക്കുറ്റവാളിയാണ് സോറോസ് എന്ന് സ്മൃതി ഇറാനി തുറന്നടിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകർത്ത സോറോസ് ഇപ്പോൾ ഇന്ത്യൻ ജനാധിപത്യമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ സർക്കാരുകളെ വീഴ്ത്തി തങ്ങൾക്ക് താത്പര്യമുള്ളവരെ അധികാരത്തിലെത്തിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും സോറോസ് തന്റെ സ്വപ്‌നങ്ങൾ പുലമ്പുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
വിദേശശക്തികൾക്കും ഇന്ത്യൻ പൗരന്മാർക്കും ഇടയിൽ ശക്തമായി നിലകൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അടുത്ത ലക്ഷ്യം. ഇതൊരു യുദ്ധമായി കണക്കാക്കണമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.സോറോസിന്റെ പരാമർശം ഇന്ത്യക്കെതിരായ ആക്രമണമാണെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിൽ കടന്നുകയറാനുള്ള വിദേശശക്തികളുടെ നീക്കത്തെ ഇന്ത്യക്കാർ ചെറുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
”സോറോസിന്റെ നീക്കം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ്. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ശ്രമിച്ചിട്ടുള്ള ഇത്തരം പല വിദേശശക്തികളെയും ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്” സോറോസിന് ചുട്ടമറുപടി നൽകണമെന്ന് എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെടുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
അദാനിയുടെ തകർച്ച ഇന്ത്യയിൽ മോദിയുടെ തകർച്ചയ്ക്ക് തുടക്കമാകുമെന്നായിരുന്നു ഹംഗേറിയൻ ശതകോടീശ്വരന്റെ വിവാദപരാമർശം. മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ വച്ചാണ് സോറോസ് വിവാദപ്രസ്താവന നടത്തിയത്. ഗൗതം അദാനിയുടെ ഓഹരി പ്രതിസന്ധിയും അതിനെക്കുറിച്ചുള്ള കേന്ദ്ര സർക്കാർ നേതൃത്വത്തിന്റെ മൗനവും ഇന്ത്യയിലെ പ്രധാനമന്ത്രി മോദിയുടെ ശക്തികേന്ദ്രത്തെ ദുർബലപ്പെടുത്തുമെന്ന് ഉറപ്പാണെന്നാണ് സോറോസ് പറഞ്ഞത്.
Discussion about this post