ഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 263 റൺസിന് പുറത്തായി. ഓസീസ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ സ്പിന്നർമാർക്കെതിരെ പരമാവധി പിടിച്ച് നിൽക്കാൻ ശ്രമിച്ചതിനാലാണ് ഒന്നാം ഇന്നിംഗ്സിൽ അവർക്ക് കഴിഞ്ഞ മത്സരത്തിലേതിനേക്കാൾ ഭേദപ്പെട്ട സ്കോർ നേടാൻ സാധിച്ചത്. എന്നാൽ, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ വിക്കറ്റിൽ ഈ സ്കോർ എത്രത്തോളം പ്രതിരോധ യോഗ്യമാണ് എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
വാർണർ ഈ മത്സരത്തിലും നിരാശപ്പെടുത്തിയപ്പോൾ, ഓപ്പണർ ഉസ്മാൻ ഖവാജ നേടിയ 81 റൺസ് ഓസീസിന് ആശ്വാസമായി. പീറ്റർ ഹാൻഡ്സ്കോംബ് 72 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 4 വിക്കറ്റ് വീഴ്ത്തി. മികച്ച ഫോമിലുള്ള സ്പിന്നർമാരായ ജഡേജയും അശ്വിനും 3 വിക്കറ്റുകൾ വീതം വീഴ്ത്തി.
4 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്സിനും 132 റൺസിനും വിജയിച്ചിരുന്നു. പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ പരമ്പരയിൽ ഇന്ത്യക്ക് ഇനിയും മികച്ച പ്രകടനങ്ങൾ നടത്തേണ്ടതുണ്ട്.
Discussion about this post