മുംബൈ: ശിവസേനയുടെ ഔദ്യോഗിക നേതാവ് ഇനി ഏകനാഥ് ഷിൻഡെ. ശിവസേന എന്ന പേരും അമ്പുവില്ലും ചിഹ്നവും ഏകനാഥ് ഷിൻഡെ പക്ഷത്തിനായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ശിവസേനയുടെ നിലവിലുള്ള ഭരണഘടന ജനാധിപത്യ വിരുദ്ധമാണെന്നും ഉൾപ്പാർട്ടി തെരഞ്ഞെടുപ്പില്ലാതെ സ്ഥാനങ്ങളിലെത്തിയ നേതാക്കൾ പാർട്ടിയെ നയിക്കാൻ യോഗ്യരല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നീരിക്ഷിച്ചു.
ശിവസേന എന്ന പേരിനും അമ്പും വില്ലും എന്ന തിരഞ്ഞെടുപ്പ് ചിഹ്നത്തിനും വേണ്ടി ഷിൻഡെ പക്ഷവും താക്കറെ പക്ഷവും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിന് ഇതോടെ തീർപ്പാവുകയാണ്. ഉദ്ധവ് താക്കറെ അധികാരത്തിന് വേണ്ടി ഹിന്ദുത്വ പ്രത്യശാസ്ത്രത്തെ ബലികഴിച്ചു എന്ന് ചൂണ്ടിക്കാട്ടി ഏകനാഥ് ഷിൻഡെയും ഒപ്പം ഭൂരിപക്ഷം ജനപ്രതിനിധികളും ഉറച്ച നിലപാട് എടുത്തതോടെ, മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ നിലം പൊത്തുകയായിരുന്നു. മഹാ വികാസ് അഖാഡി സർക്കാരിനെ അവസരവാദി സർക്കാർ എന്നാണ് ഷിൻഡെ വിശേഷിപ്പിച്ചത്.
ഇതിനെ തുടർന്നാണ് ശിവസേന എന്ന പേരും അമ്പും വില്ലും എന്ന ചിഹ്നവും കോടതി കയറിയത്. ഇതോടെ തുടർന്ന് അമ്പും വില്ലും എന്ന ചിഹ്നവും ശിവസേന എന്ന പേരും തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിന്, ഇരു പക്ഷങ്ങൾക്കും രണ്ട് ചിഹ്നങ്ങളാണ് അനുവദിച്ചിരുന്നത്. ഷിൻഡെ പക്ഷത്തിന് വാളും പരിചയും നൽകിയപ്പോൾ ഉദ്ധവ് പക്ഷത്തിന് പന്തമായിരുന്നു ചിഹ്നം.
ഇത് അവിസ്മരണീയമായ ദിവസം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടുള്ള ഏകനാഥ് ഷിൻഡെയുടെ ആദ്യ പ്രതികരണം.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഭരണഘടനാപരമാണ്. ഞങ്ങളാണ് യഥാർത്ഥ ശിവസേന എന്ന വാദം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ചിഹ്നവും പാർട്ടിയുടെ പേരും തങ്ങൾക്ക് കിട്ടിയതോടെ, പ്രവർത്തകരുടെ ആശയക്കുഴപ്പം അകന്നിരിക്കുകയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post