ന്യൂഡൽഹി : രണ്ട് സംഘടനകളെക്കൂടി ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിനെയും ജമ്മു കശ്മീർ ഗസ്‌നാവി ഫോഴ്‌സിനെയുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
ലഷ്‌കർ-ഇ-ത്വായ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സംഘടനയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം, ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയെയും തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
‘നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയെ തീവ്രവാദിയായി പ്രഖ്യാപിച്ചു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്), ജമ്മു കശ്മീർ ഗസ്‌നവി ഫോഴ്‌സ്. (ജെ.കെ.ജി.എഫ്.) എന്നീ രണ്ട് സംഘടനകളെയും തീവ്രവാദി സംഘടനകളായി പ്രഖ്യാപിച്ചു” എന്ന് വിജ്ഞാപനത്തിൽ പറയുന്നു.
സന്ധുവിന് ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുണ്ടെന്നും നിലവിൽ അയാൾ പാകിസ്താനിലെ ലഹോറിലാണ് താമസിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. അതിർത്തി കടന്നുള്ള, പ്രത്യേകിച്ച് പഞ്ചാബിൽ നടത്തുന്ന, തീവ്രവാദ പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. 2021ൽ പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് ആക്രമണം നടത്തിയതിന് പിന്നിലെ സൂത്രധാരന്മാരിൽ ഒരാളാണ് സന്ധു. ഇന്റർപോൾ സന്ധുവിനെതിരെ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, മയക്കുമരുന്ന്, ആയുധക്കടത്ത്, ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ, സുരക്ഷാ സേനയ്ക്ക് നേരെ ഭീഷണി ഉയർത്തൽ എന്നിവയിൽ ജമ്മു കശ്മീർ ഗസ്‌നവി ഫോഴ്‌സ് ഉൾപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്താലയം വിജ്ഞാപനത്തിൽ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ തീവ്രവാദ സംഘടനകളിൽ ചേരാൻ ജമ്മു കശ്മീരിലെ ജനങ്ങളെ പ്രേരിപ്പിക്കാൻ സംഘടന വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നുണ്ട്.
ലഷ്‌കർ-ഇ-ത്വായ്ബ, ജെയ്ഷെ മുഹമ്മദ്, തെഹ്രീക്-ഉൽ-മുജാഹിദ്ദീൻ, ഹർകത്ത്-ഉൽ-ജെഹാദി-ഇസ്ലാമി തുടങ്ങിയ വിവിധ ഭീകര സംഘടനകളിൽ നിന്ന് ഭീകരരെ ആകർഷിക്കുകയാണ് ഇവർ ചെയ്തുവരുന്നത് എന്നും മന്ത്രാലയം വ്യക്തമാക്കി.
ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ഒരു തീവ്രവാദ സംഘടനയാണെന്നും അത് പഞ്ചാബിലെ ഭീകരവാദത്തെ പുനരുജ്ജീവിപ്പിക്കുന്നതും ഇന്ത്യയുടെ പ്രാദേശിക അഖണ്ഡത, ഐക്യം, ദേശീയ സുരക്ഷ, പരമാധികാരം എന്നിവയെ വെല്ലുവിളിക്കുന്നതുമാണ്. കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഭീകരപ്രവർത്തനങ്ങളെ ഈ സംഘടന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Discussion about this post