മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 62 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച 21 കാരൻ പിടിയിൽ.ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസർേകാട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ശാനിഫ് (21) ആണ് കസ്റ്റംസിന്റെ വലയിലായത്. 1077 ഗ്രാം സ്വർണവുമായി എയർപോർട്ടിന് പുറത്ത് വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
1077 ഗ്രാം 24 കാരറ്റ് സ്വർണ്ണം മിശ്രിത രൂപത്തിൽ നാലു കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ ജിദ്ദയിൽ നിന്നും 16നു 7.15 മണിക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ എയർപോർട്ടിലെത്തിയത്. പരിശോധനയിലൊന്നും പിടിക്കപ്പെടാതെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ശാനിഫിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പക്ഷേ ഇയാൾ തന്റെ പക്കൽ സ്വർണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു. ലഗ്ഗേജ് ബോക്സുകൾ ഓപ്പൺ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനായില്ല. തുടർന്ന് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.എക്‌സറേ പരിശോധനയിലാണ് വയറിനകത്ത് നാലു കാപ്സ്യൂളുകൾ കണ്ടെത്തിയത്.












