ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചി പോലീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായി വിവരം. 3 ഭീകരരുൾപ്പെടെയാണ് 5 പേർ മരിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരിക്കുകയാണ്.
പോലീസും സേനയും സ്ഥലത്തുണ്ടായിട്ടും കാര്യമായ പ്രത്യാക്രമണമൊന്നും ഇതുവരെ നടത്താനായിട്ടില്ല. പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സുരക്ഷയെ ചൊല്ലി തിരിച്ചടിക്കാനാവാതെ കയ്യും കെട്ടി നോക്കി നിൽക്കുകയാണ് സേന. ഭീകരർ പ്രദേശം വളഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇപ്പോഴും സ്‌ഫോടനങ്ങൾ തുടരുകയാണ്.
കനത്ത സുരക്ഷ മറികടന്ന് ആയുധധാരികളായ ഭീകരർ പോലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. 12 ഓളം വരുന്ന ഭീകരസംഘമാണ് പോലീസ് മേധാവിയുടെ ഓഫീസ് ആക്രമിച്ചത്. ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ്. ഗ്രനേഡുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തുന്നത്.
സ്ഥലത്തേക്ക് കറാച്ചി പോലീസും സേനയും എത്തിയിട്ടുണ്ടെങ്കിലും പോലീസ് ആസ്ഥാനം ഭീകരർ കീഴടക്കിയിരിക്കുകയാണ്. നിരവധി കെട്ടിടങ്ങളും പോലീസുകാരുടെ കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്ന കോട്ടേജുകളും ഈ ഭീകരർ കീഴടക്കിയ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
Discussion about this post