ഇന്ന് മഹാശിവരാത്രി. പഞ്ചാക്ഷരീ മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ഭഗവത് പ്രീതിക്കും ലോകഹിതത്തിനും വേണ്ടിയുള്ള പ്രാർത്ഥനകളിൽ കൈലാസമായി മാറുന്നു നാട്. കലികാല പുണ്യമായ നാമജപം അകതാരിൽ ഏറ്റെടുക്കുന്ന ഭക്തർ, ക്ഷേത്രങ്ങളിലും കാവുകളിലും വീടുകളിലും അഖണ്ഡ നാമജപയജ്ഞങ്ങളിൽ പങ്കാളികളാകുന്നു.
പ്രകൃതിയെയും പ്രപഞ്ചത്തെയും സംരക്ഷിക്കുക എന്ന ആശയം സനാതന സംസ്കൃതിയുടെ അടിസ്ഥാന തത്വങ്ങളിൽ പ്രധാനമാണ്. ശിവരാത്രിയുടെ ഐതീഹ്യവും ഈ തത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
അമൃതകലശം ലഭിക്കുന്നതിനായി പാലാഴി മഥനം നടന്നപ്പോൾ ഉയർന്നു വന്ന കാളകൂടം എന്ന മഹാവിഷം ധരയ്ക്കും ജീവജാലങ്ങൾക്കും കടുത്ത ഭീഷണി ഉയർത്തി. എന്ത് ചെയ്യണമെന്ന് അറിയാതെ ലോകം പകച്ചപ്പോൾ, സർവലോക ഹിതാർത്ഥം ദേവാധിദേവൻ മഹാദേവൻ അത് സ്വയം പാനം ചെയ്ത് ആപത്തകറ്റാൻ തയ്യാറായി. പ്രകൃതിക്കും സർവചരാചരങ്ങൾക്കുമായി മഹാവിഷം സ്വയം സ്വീകരിക്കാൻ തയ്യാറാകുന്ന മഹേശ്വരൻ.. സനാതന ധർമ്മത്തിന്റെ മർമ്മമായ ത്യാഗം എന്നത് മഹേശ്വരനിൽ നിന്നും അഭ്യസിക്കാൻ പുണ്യം സിദ്ധിച്ച മഹാഭക്തന്മാരുടെ ദേശമായ ഭാരതം.. പുല്ലിലും പുഴുവിലും പാമ്പിലും പൂവിലും പിണത്തിലും ബ്രഹ്മത്തെ ദർശിക്കാൻ, പരിത്യാഗത്തിലൂടെ അമരത്വം നേടാൻ ഭക്തർക്ക് നിദാനം കാട്ടുന്ന ഭഗവാൻ. ആ പുണ്യം കൂടിയാണ് ശിവരാത്രിയുടെ തത്വം.
പതി കാലകാലനെങ്കിലും പത്നീധർമ്മത്താൽ വ്യാകുലയാകുന്ന പാർവതീമാതാവ്. മഹേശ്വരൻ കണ്ഠത്തിൽ ഏറ്റുവാങ്ങിയ മഹാവിഷം താഴേക്ക് ഇറങ്ങാതിരിക്കാൻ, പ്രാർത്ഥനയോടെ കണ്ഠത്തിൽ തടസ്സം പിടിക്കുമ്പോൾ മഹാദേവന്റെ വായ പൊത്തി വിഷം പുറത്തേക്ക് ബഹിർഗമിക്കാതിരിക്കാൻ പ്രാർത്ഥനയോടെ കർമ്മനിരതനാകുന്ന സ്ഥിതികാരകൻ മഹാവിഷ്ണു. പ്രാർത്ഥനയുടെ, വ്രതശുദ്ധിയുടെ രാവിൽ ഭഗവത് മന്ത്രജപത്തോടെ സൃഷ്ടി സ്ഥിതിലയകാരകന്മാർക്കും പാർവതീ ദേവിക്കുമൊപ്പം ഉറക്കമൊഴിഞ്ഞിരിക്കുന്ന ചരാചരങ്ങൾ. പഞ്ചാക്ഷരീ മന്ത്ര പുണ്യത്താൽ ശില പോലും വെണ്ണയായി ഉരുകിയ രാവ് പിന്നിടുമ്പോൾ ആകുലതയൊഴിഞ്ഞ് സമാശ്വസിക്കുന്ന പ്രപഞ്ചം. കാളകൂടം കണ്ഠത്തിലുറച്ച്, നീലകണ്ഠനായി മാറുന്ന മഹേശ്വരൻ..
മഹാശിവരാത്രി പോലെ ഇത്രമേൽ അർത്ഥവത്തായ, ഇത്രമേൽ പരിപാവനമായ, ഇത്രമേൽ യുക്തിഭദ്രമായ മറ്റൊരു വ്രതാനുഷ്ഠാനമുണ്ടോ? പ്രപഞ്ചത്തിനായി ഉറക്കമൊഴിഞ്ഞ് ഹലാഹലം സേവിക്കുന്ന ഈശ്വരൻ.. ആ ഈശ്വരന് വേണ്ടി പ്രാർത്ഥനാപൂർവം ഉറക്കമൊഴിഞ്ഞ് വ്രതം നോൽക്കുന്ന ഭക്തർ.. ഉപനിഷദ് തത്വങ്ങളും ആചാര സംഹിതകളും ഓംകാര പ്രണവത്തിൽ സമന്വയിച്ച് ലയിക്കുന്ന പുണ്യ തിഥിയായ മഹാശിവരാത്രി..
ശിവപുരാണത്തിൽ ശിവരാത്രിയുമായി ബന്ധപ്പെട്ട് മറ്റൊരു കഥ കൂടി പറയുന്നുണ്ട്. ആത്മതത്വം ഗ്രഹിക്കാൻ ബ്രഹ്മദേവനേയും മഹാവിഷ്ണുവിനെയും നിയോഗിച്ച ഭഗവാൻ അവർക്ക് ബ്രഹ്മജ്ഞാനം കൂടി വെളിവാക്കുന്ന മഹാപുണ്യ രാവാണ് ശിവരാത്രി എന്നാണ് ശിവമഹാപുരാണത്തിലെ ഐതിഹ്യം. അനാദിയാണ് ബ്രഹ്മമെന്നും ആ ബ്രഹ്മത്തിന്റെ പരിപ്രേക്ഷ്യമാണ് പ്രപഞ്ചവും സർവ ചരാചരങ്ങളുമെന്നും ആദിയും അന്തവും ആപേക്ഷികമാണെന്നും, സത്യമെന്നത് സങ്കൽപ്പങ്ങൾക്കും അന്വേഷണങ്ങൾക്കും സിദ്ധാന്തങ്ങൾക്കും തിരിച്ചറിവുകൾക്കും അപ്പുറമാണെന്നും ഭഗവാൻ വെളിപ്പെടുത്തുന്നു. സരളവും കഠിനവും, ദൃശ്യവും അദൃശ്യവും, ഗോചരവും ഗോപ്യവും, രാവും പകലും ആയിരിക്കുന്നത് ഒരേ തത്വമാണെന്ന വെളിപാടിന്റെ പ്രതീകം കൂടിയാകുന്നു ശിവരാത്രി.
18/02/2023, 1198 കുംഭം 6, കറുത്ത പക്ഷ ചതുർദശി തിഥി വരുന്ന ശനിയാഴ്ചയാണ് ഈ വർഷത്തെ മഹാശിവരാത്രി. ശിവരാത്രി ദിവസം പിതൃപ്രീതിക്കായി ഭക്തർ ബലിതർപ്പണം നടത്തുന്നു. മഹാപാപിയായ സുന്ദരസേനൻ നാഗേശ്വരത്തെ ശിവക്ഷേത്രത്തിൽ വെച്ച് യദൃശ്ചയാ ശിവരാത്രി ആഘോഷങ്ങളിൽ പങ്കാളിയാകുന്നു. മരണശേഷം സുന്ദരസേനനെ കൊണ്ടു പോകാൻ വന്ന കാലദൂതന്മാരെ പരാജയപ്പെടുത്തി ശിവദൂതന്മാർ ആ ആത്മാവിനെ കൊണ്ടു പോകുന്നത് ശിവലോകത്തിലേക്കാണ്. അത്രമേൽ പുണ്യപ്രദായകമാണ് ശിവരാത്രി വ്രതമെന്ന് ശിവമഹാപുരാണത്തിലും അഗ്നിപുരാണത്തിലുമടക്കം വിവരിക്കപ്പെടുന്നു.
പാപങ്ങൾ ചെയ്യുന്നവർക്ക് അടുത്ത പാപകർമ്മങ്ങൾക്കിടയിലെ ഇടവേളയാണ് വ്രതാനുഷ്ഠാനങ്ങൾ എന്ന് ധരിക്കുന്നത് മൗഢ്യമാണ്. മനസാ വാചാ കർമണാ ചെയ്യുന്ന പ്രവൃത്തികളിൽ പരന് അഹിതമായി സംഭവിച്ചു പോയ കർമ്മങ്ങൾക്കുള്ള പ്രായശ്ചിത്തം എന്നത് ഓരോ വ്രതങ്ങളുടേയും സാരമാണ്. തനോ ചിത്ത കൃതമായ പാപകർമ്മങ്ങൾ അറിഞ്ഞോ അറിയാതെയോ വന്ന് പോകാതിരിക്കണേ എന്ന പ്രാർത്ഥന, താൻ ഉൾപ്പെടുന്ന ഈ മഹാപ്രപഞ്ചത്തിന് സൗഖ്യമുണ്ടാകണേ എന്ന ആത്മാർത്ഥമായ അപേക്ഷ, അത് തന്നെയാണ് ഏതൊരു വ്രതവും പോലെ ശിവരാത്രി വ്രതത്തെയും ഭക്തപ്രിയമാക്കുന്നത്.













Discussion about this post