മെൽബൺ/ന്യൂഡൽഹി: ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗിന് സ്‌നേഹ സമ്മാനമേകി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കർ. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഒപ്പുള്ള ക്രിക്കറ്റ് ബാറ്റാണ് ജയശങ്കർ സമ്മാനിച്ചത്. ജയശങ്കറിന് വോംഗ് ജേഴ്‌സിയും സമ്മാനിച്ചു.
ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെയാണ് ജയ്ശങ്കർ പെന്നി വോംഗുമായി കൂടിക്കാഴ്ച നടത്തിയത്. സിഡ്‌നിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. നിലവിൽ ഇന്ത്യ- ഓസ്‌ട്രേലിയ
ക്രിക്കറ്റ് മത്സരങ്ങൾ ആവേശത്തോടെ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും സംസാരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയ്ക്ക് ശേഷം പിരിയുമ്പോഴായിരുന്നു രോഹിത് ശർമ്മയുടെ ഒപ്പുള്ള ക്രിക്കറ്റ് ബാറ്റ് അദ്ദേഹം വോംഗിന് കൈമാറിയത്. വോംഗ് കൈമാറിയ നീല നിറമുള്ള ജേഴ്‌സിയിൽ ജയശങ്കറിന്റെ പേര് എഴുതിയിട്ടുണ്ട്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
വോംഗിന് പിന്നാലെ ജയശങ്കർ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയ്‌ക്കൊപ്പമിരുന്ന് പ്രഭാത ഭക്ഷണം കഴിച്ച അദ്ദേഹം ഔദ്യോഗിക വസതിയും ചുറ്റിനടന്ന് കണ്ടു. വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയ ശേഷമായിരുന്നു ജയ്ശങ്കർ മടങ്ങിയത്.
Discussion about this post