ന്യൂഡൽഹി; കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകാനുളള ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കൂടിയ തുകയുടെ ക്വട്ടേഷൻ നൽകിയ സൊസൈറ്റിക്ക് നിർമാണ കരാർ എങ്ങനെ നൽകാൻ കഴിയുമെന്ന് സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. കേസിൽ സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
കോടതി സമുച്ചയത്തിന്റെ നിർമാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷൻ നൽകിയത് എ എം മുഹമ്മദ് അലിയുടെ നിർമാൺ കൺസ്ട്രക്ഷൻസ് ആയിരുന്നു. നിർമാൺ കൺസ്ട്രക്ഷൻസ് നൽകിയ ക്വട്ടേഷനെക്കാളും 7.10 % അധികം തുക ക്വാട്ട് ചെയ്ത ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ നൽകാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതിന് എതിരെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി സ്റ്റേ.എങ്ങനെയാണ് കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ നൽകിയിട്ടും അതിനെ മറികടന്നുകൊണ്ട് ഊരാളുങ്കലിന് ക്വട്ടേഷൻ നൽകിയതെന്ന് ജസ്റ്റിസ് ജെകെ മഹേശ്വരി ഉൾപ്പടെയുള്ളവർ ചോദിച്ചു.
കുറഞ്ഞ തുക ക്വട്ടേഷൻ നൽകുന്നവർക്ക് സർക്കാരിന്റെ നിർമ്മാണ കരാർ നൽകില്ലെന്ന ഉത്തരവ് സ്വകാര്യ കോൺട്രാക്ടർമാരെ ആകെ ബാധിക്കുമെന്ന് നിർമാൺ കൺസ്ട്രക്ഷൻസ് ചൂണ്ടിക്കാട്ടി. നിർമ്മാണ കരാർ സർക്കാർ തങ്ങൾക്ക് നൽകിയതാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് അത് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നിർമ്മാണ കരാർ നൽകാനുളള ഉത്തരവ് ഇറക്കിയത് എന്നും നിർമാൺ കൺസ്ട്രക്ഷൻസ് ആരോപിച്ചു.
Discussion about this post