മലപ്പുറം: ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇതിനെ എതിർത്താൽ പിന്തിരിപ്പൻ ആകുമെന്നും ട്രാൻസ്ജെൻഡർ പ്രസവം മാദ്ധ്യമങ്ങൾ ആഘോഷിച്ചുവെന്നും കുറ്റപ്പെടുത്തി.കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സലാം.
‘പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകുമെന്ന് പിഎംഎ സലാം വിമർശിച്ചു.
രുഷനും സ്ത്രീയും അല്ലാതെ മറ്റൊരു വിഭാഗം ഉണ്ടെന്ന് ഇസ്ലാം മതം അംഗീകരിക്കുന്നില്ല. സ്ത്രീയും പുരുഷനും തമ്മിലല്ലാത്ത വിവാഹത്തെയും ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന് സലാം വ്യക്തമാക്കി.
‘ജെൻഡർ ന്യൂട്രാലിറ്റി എന്നു പറയുന്നത് എന്തൊരു അപഹാസ്യമാണ്. ഇസ്ലാം അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ആണും പെണ്ണുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തുണ്ടെന്ന് ഇസ്ലാം അംഗീകരിക്കുന്നില്ല, പഠിപ്പിക്കുന്നുമില്ല. ഖുറാനിൽ എല്ലായിടത്തും പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. അവരല്ലാത്ത ഒരു വിഭാഗം ഉണ്ടെന്ന് ഇസ്ലാം മതം വിശ്വസിക്കുന്നില്ല’
സ്വതന്ത്ര ലൈംഗികത കൊണ്ടു വന്നത് ക്യാമ്പസുകളിൽ ആളെ കൂട്ടാനാണെന്ന് പിഎംഎ സലാം കുറ്റപ്പെടുത്തി. ജൻഡർ ന്യൂട്രാലിറ്റി കൊണ്ടുവന്ന് കുടുംബബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുകയാണെന്നും ട്രാൻസ്‌ജെൻഡർ പ്രസവം വ്യാജ മാനസികാവസ്ഥയെന്നും സലാം കൂട്ടിച്ചേർത്തു.
ഇപ്പോൾ ഏറ്റവും കൂടുതൽ ന്യൂനപക്ഷ അവകാശങ്ങൾ പിടിച്ചെടുക്കുന്നതും ലംഘിക്കുന്നതും വിവേചനപൂർവ്വം അവരോട് പെരുമാറുന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്ന് സലാം വിമർശിച്ചു.












