ചാൾസ് രാജകുമാരനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ഡയാന രാജകുമാരി സുഹൃത്തുക്കൾക്ക് എഴുതിയ കത്ത് ലേലത്തിൽ വിറ്റത് 1,41,150 പൗണ്ടിന് (ഒരു കോടി രൂപ). സൂസിക്കും തരെക് കാസെമിനും എഴുതിയ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന കത്തുകളാണ് ലേയ് ഓക്ഷനേഴ്‌സ് ലേലത്തിൽ വിറ്റത്. 25 വർഷമായി ഇവരിത് പരസ്യമാക്കാതെ സൂക്ഷിക്കുകയായിരുന്നു. 32 ഓളം കത്തുകളാണ് വിൽക്കുന്നത്.
ഡയാന രാജകുമാരിയുടെ വ്യക്തിഗത കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്ന കത്തിന്റെ അവകാശം മക്കൾക്കോ പേരക്കുട്ടികൾക്കോ നൽകാൻ ഇവർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. അതിനാലാണ് ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചത്. ഇതിൽ നിന്ന് ലഭിക്കുന്ന പണം മറ്റ് പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡയാന രാജകുമാരിയുടെ ചില കത്തുകൾ അവര് അനുഭവിച്ച മാനസിക സമ്മർദ്ദത്തെ തൊട്ടറിയുന്നവയാണ്. ഈ അവസ്ഥകളിലൂടെയെല്ലാം കടന്നുപോയിട്ടും അവരുടെ ശക്തിയും നർമ്മബോധവും എന്നും തിളങ്ങുന്നു എന്ന് ലേലം നടത്തുന്ന സ്ഥാപനം പ്രസ്ഥാവനയിൽ വ്യക്തമാക്കി.
‘ഒരു വർഷം മുമ്പ് ഈ വിവാഹമോചനത്തിലൂടെ എന്ത് അനുഭവമുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു എങ്കിൽ, ഞാൻ ഒരിക്കലും ഇതിന് സമ്മതിക്കില്ലായിരുന്നു. ഇത് നിരാശാജനകവും മോശവുമാണ്.’ എന്ന് 1996 ഫെബ്രുവരി 17-ന് അയച്ച കത്തിൽ രാജകുമാരി എഴുതി. എല്ലാവരും തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സുഹൃത്തുക്കളുമായി ഇടപഴകാനുള്ള ഏക മാർഗം കത്തെഴുതുക മാത്രമാണെന്നും അവർ വിശദീകരിച്ചു. ”എന്റെ വരികൾ ഇവിടെ നിരന്തരം രേഖപ്പെടുത്തുകയും പരസ്പരം കൈമാറുകയും ചെയ്യുന്നതിനാൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ ഇതിലൂടെ ചർച്ചചെയ്യുന്നത് ബുദ്ധിമുട്ടാണ്,” അവർ കൂട്ടിച്ചേർത്തു.
കാസെമുമായുള്ള ഓപ്പറ സെഷനിൽ പങ്കെടുക്കാതിരുന്നതിന് ക്ഷമാപണം നടത്തുന്ന കത്താണ് മറ്റൊന്ന്. ‘ചിലപ്പോൾ തല ഉയർത്തിപ്പിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ന് ഞാൻ മുട്ടുകുത്തിയാണ് നിൽക്കുന്നത്. വിവാഹമോചനത്തിനായി ഞാൻ അതിയായി ആഗ്രഹിക്കുന്നു’ എന്ന് 1996 ഏപ്രിൽ 28 ന് എഴുതിയ കത്തിൽ അവർ പറഞ്ഞു.
1996 ഡിസംബർ 17 ന് എഴുതിയ കത്തിൽ ഡിസംബർ 24 ന് താൻ യാത്ര ചെയ്യുമെന്ന് സൂസിയെ അറിയിച്ചു. ക്രിസ്മസ് ആഘോഷം താത്പര്യമില്ലാത്തതിനാലാണിത്. ‘1997 നമുക്കെല്ലാവർക്കും നല്ല വർഷമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ എന്നും കത്തിൽ അവർ കൂട്ടിച്ചേർത്തു. എന്നാൽ വെയിൽസ് രാജകുമാരി 1997 ഓഗസ്റ്റ് 31 ന് പാരീസിൽ നടന്ന ഒരു കാർ അപകടത്തിൽ മരിച്ചു.
Discussion about this post