കണ്ണൂർ: തന്നെ ഇനി അന്വേഷിക്കേണ്ടെന്ന് ഇസ്രായേലിൽ നിന്നും കാണാതായ കർഷകൻ ബിജു കുര്യൻ. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴായിരുന്നു ബിജുവിന്റെ പ്രതികരണം. സുരക്ഷിതനാണെന്ന് പറഞ്ഞതായി ബിജുവിന്റെ ഭാര്യ വ്യക്തമാക്കി.
ബിജുവിനെ കാണാനില്ലെന്ന വാർത്തകൾ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുടുംബവുമായി ബന്ധപ്പെട്ടത്. എന്നാൽ ഇസ്രായേലിൽ എവിടെയാണെന്ന കാര്യം ഇയാൾ വീട്ടുകാരുമായി പങ്കുവച്ചിട്ടില്ല. ഭാര്യയോട് സംസാരിച്ചെന്ന വിവരത്തിന് പിന്നാലെ ബിജുവിന്റെ സഹോദരൻ ബെന്നി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫലമുണ്ടായില്ല. എന്തിരുന്നാലും സുരക്ഷിതനാണെന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ.
അതേസമയം കുര്യന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്ന് കൃഷി മന്ത്രി പ്രതികരിച്ചു. ബിജുവിനെ കാണാനില്ലെന്ന് കാട്ടി പോലീസിലും എംബസിയിലും പരാതി നൽകിയിട്ടുണ്ട്. ബിജുവിനെ അന്വേഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിജുവിനെ കാണാതെ ആയത്. താമസിക്കുന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാനായി മറ്റൊരു ഹോട്ടലിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു ബിജുവുൾപ്പെട്ട 27അംഗ കർഷക സംഘം. ഇതിനിടെ ബിജു ആരുമറിയാതെ കടന്നു കളയുകയായിരുന്നു.












