ഭോപ്പാൽ: ഡിജെയ്‌ക്കൊപ്പം നൃത്തം ചവിട്ടിയ കാരണത്താൽ നിക്കാഹ് ചടങ്ങുകൾ നടത്താൻ വിസമ്മതിച്ച് ഇസ്ലാമിക പുരോഹിതൻ. മദ്ധ്യപ്രദേശിലെ ഛത്തർപൂരിലാണ് വിചിത്രമായ സംഭവം. വരനും കുടുംബാംഗങ്ങളും ഡിജെ പാട്ടിനൊപ്പം താളം പിടിച്ചതും ആഘോഷത്തിന്റെ ഭാഗമായി ഡാൻസ് കളിച്ചതുമാണ് പുരോഹിതനെ പ്രകോപിതനാക്കിയത്.
നിക്കാഹ് സമയത്ത് മസ്ജിദിൽ പ്രാർത്ഥനയ്ക്ക് പോകുന്നതിന് മുൻപ് ഡാൻസ് കളിച്ചുവെന്നാരോപിച്ച് തുടർ ചടങ്ങുകൾ നടത്താൻ പുരോഹിതൻ വിസമ്മതിക്കുകയായിരുന്നു.
വിവാഹ ചടങ്ങുകൾ നടത്താനും നിക്കാഹ് നാമ വായിക്കാനും പുരോഹിതൻ വിസമ്മതിക്കുകയും മസ്ജിദിന് പുറത്ത് ഡിജെ കളിച്ച് കുടുംബാംഗങ്ങൾ ഇസ്ലാമിക പാരമ്പര്യത്തെ അവഹേളിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.
‘ഇങ്ങനെയാണോ നിങ്ങൾ സമൂഹത്തിൽ മാതൃക കാട്ടുന്നത്? അത് നമ്മുടെ പാരമ്പര്യമല്ലെന്ന് മനസ്സിലായില്ലേ? നിനക്ക് കല്യാണം കഴിക്കാനുള്ള പ്രായമായി. നിങ്ങൾക്ക് ഇസ്ലാമിക പാരമ്പര്യങ്ങളെക്കുറിച്ച് അറിയില്ലാത്തത് എങ്ങനെയെന്ന് പുരോഹിതൻ വരനെ ശകാരിക്കുകയും ബന്ധുക്കളുടെ മുമ്പിൽ വച്ച് തല്ലുകയും ചെയ്തു. ഡിജെയ്ക്ക് പണം ചെലവഴിക്കുന്നത് പാഴ് വേലയാണെന്നും വിവാഹസമയത്ത് ഘോഷയാത്ര (ബറാത്ത്) നടത്തുന്ന ആചാരം ഇസ്ലാമിൽ ഇല്ലെന്നും പുരോഹിതൻ പറഞ്ഞു. ഏകദേശം നാല് മണിക്കൂറോളം ഇയാൾ വിവാഹ ചടങ്ങ് നിർത്തി വയ്ക്കുകയും,വധുവും വരനും കുടുംബവും മാപ്പ് പറഞ്ഞതിന് ശേഷമാണ് വിവാഹചടങ്ങ് തുടർന്നത്.
Discussion about this post