ചെന്നൈ: മാതാപിതാക്കൾക്ക് ധനുഷിന്റെ സ്‌നേഹ സമ്മാനം. കോടികൾ ചിലവിട്ട് നിർമ്മിച്ച ആഡംബര വീടാണ് അദ്ദേഹം മാതാപിതാക്കൾക്കായി സമ്മാനിച്ചത്. പ്രശസ്ത സംവിധായകൻ സുബ്രമഹ്ണ്യം ശിവ ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമം വഴി പുറത്തുവിട്ടു.
പയസ് ഗാർഡനിലാണ് ധനുഷിന്റെ ആഡംബര വീട്. നിർമ്മാണം പൂർത്തിയായ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ ദിവസമായിരുന്നു. സ്വകാര്യ ചടങ്ങിൽ ധനുഷിന്റെ അടുത്ത ബന്ധുക്കളും സിനിമാ രംഗത്തെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. സുബ്രമഹ്ണ്യം ശിവയ്ക്കും ക്ഷണമുണ്ടായിരുന്നു.
ഭർതൃപിതാവും സൂപ്പർ സ്റ്റാറുമായ രജനി കാന്തിന്റെയും മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെയും വസതികൾക്ക് സമീപമാണ് ധനുഷിന്റെയും വീട്. നാല് നിലകളിൽ നിർമ്മിച്ച വീടിന് 150 കോടി രൂപയാണ് ചിലവ് വന്നത്. 19,000 ചതുരശ്ര അടിയിലാണ് വീട് രണ്ട് വർഷം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വീട്ടിൽ മാതാപിതാക്കൾക്ക് ഒപ്പമായിരിക്കും ഇനി മുതൽ ധനുഷ് താമസിക്കുക.
മാതാപിതാക്കൾക്കും മക്കൾക്കുമൊപ്പം താമസിക്കാൻ കഴിയുന്ന ഒരു വീട് നിർമ്മിക്കുക എന്നത് ധനുഷിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നുവെന്ന് സുബ്രമഹ്ണ്യം ശിവ പറഞ്ഞു. ഈ വീട് ഒരു ക്ഷേത്രമായിട്ടാണ് അനുഭവപ്പെടുന്നത്. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും സുബ്രമഹ്ണ്യം ശിവ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Discussion about this post