ലക്‌നൗ: ഗുരുതരമായി ഹൃദ്രോഗം ബാധിച്ച പൂർണ ഗർഭിണിയുടെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് ഡോക്ടർമാർ. ലക്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. ഒരേ സമയം ഹൃദയശസ്ത്രക്രിയയ്ക്കും പ്രസവ ശസ്ത്രക്രിയയ്ക്കുമാണ് 27 കാരി വിധേയയായത്.
പൂർണ ഗർഭിണിയായ യുവതിയുടെ അവസാനഘട്ട പരിശോധനയിലാണ് ഗുരുതരമായ ഹൃദ്രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചത്. പല ആശുപത്രികളെയും സമീപിച്ചെങ്കിലും ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറാൻ നിർദ്ദേശിക്കുകയായിരുന്നു.
ഗുരുതരമായ ഹൃദ്രോഗമുള്ളവർക്ക് സ്വാഭാവിക പ്രസവം സാധ്യമല്ല. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്താലും അനസ്‌തേഷ്യ നൽകുന്നത് ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതിലേക്ക് നയിച്ചെന്നു വരാം. ഗർഭാവസ്ഥയിൽ ആദ്യം ഹൃദയ ശസ്ത്രക്രിയ നടത്തുക എന്നതും സാധ്യമായിരുന്നില്ല.
ഡോക്ടർമാരുടെ വിദഗ്ധസംഘം കൂടിയാലോചിച്ച ശേഷമാണ് ഒരേസമയം ഇരു ശസ്ത്രക്രിയകളും നടത്താം എന്ന തീരുമാനത്തിലെത്തിയത്. എന്തായാലും ഇരു ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കാനായതായും അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Discussion about this post