ചെന്നൈ: മോഷണക്കേസ് പ്രതികൾ ഒളിപ്പിച്ച സ്വർണം കണ്ടെത്താനുള്ള ശ്രമത്തിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചവരെ വെടിവച്ച് വീഴ്ത്തി പോലീസ്. തിരുച്ചിറപ്പള്ളിയിൽ മോഷണക്കേസ് പ്രതികളിൽ നിന്ന് ആഭരണങ്ങൾ പിടിച്ചെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. വണ്ണാരപ്പേട്ട പുത്തൂർ എംജിആർ നഗറിലെ ദുരൈസ്വാമി(40), സഹോദരൻ സോമസുന്ദരം(38) എന്നിവരെയാണ് പോലീസ് വെടിവച്ച് വീഴ്ത്തിയത്. പരിക്കേറ്റ പ്രതികളും ഒരു ഇൻസ്‌പെക്ടറും രണ്ട് പോലീസുകാരും ഉൾപ്പെടെ അഞ്ച് പേർ ചികിത്സയിലാണ്.
തിരുച്ചിറപ്പള്ളിയിലെ ഒരു വീട്ടിൽ നിന്ന് 30 പവനും അഞ്ച് ലക്ഷം രൂപയും കവർന്ന സംഭവത്തിൽ ദുരൈസ്വാമിക്കും സോമസുന്ദരത്തിനും പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇൻസ്‌പെക്ടർ മോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. മോഷണവസ്തുക്കൾ കണ്ടെത്താൻ ഇവരെ കൊണ്ടുപോകുന്നതിനിടെ പ്രതികളിലൊരാൾ പോലീസ് ഡ്രൈവറുടെ കഴുത്തിൽ പിടിച്ച് സ്റ്റിയറിംഗ് വളച്ചതോടെ വാഹനം നിയന്ത്രണം വിട്ട് സമീപത്തുള്ള കമ്പിവേലിയിൽ ഇടിച്ചു.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത വടിവാളുകളും കത്തിയുമെല്ലാം ജീപ്പിൽ സൂക്ഷിച്ചിരുന്നു. ഇതുമായിട്ടാണ് പ്രതികൾ രക്ഷപെടാനുള്ള ശ്രമം നടത്തിയത്. ഇതുകണ്ട് ഇൻസ്‌പെക്ടർ ആകാശത്തേക്ക് വെടിവച്ചെങ്കിലും പ്രതികൾ നിന്നില്ല. രണ്ട് പോലീസുകാരെ പ്രതികൾ വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയും കൂടി ചെയ്തതോടെ ഇൻസ്‌പെക്ടർ പ്രതികളുടെ കാൽമുട്ടിന് താഴെ വെടിയുതിർക്കുകയായിരുന്നു. ഇതിൽ ദുരൈക്കെതിരെ 64 കേസുകളും സോമുവിനെതിരെ 21 കേസുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു.
Discussion about this post