ന്യൂഡൽഹി: ഡൽഹിയിൽ യുവതിയെ പങ്കാളിയെ തീവച്ച് കൊലപ്പെടുത്തി. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ ഡൽഹി അമൻ വിഹാര് സ്വദേശി മോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തു. ചികിത്സയിലായിരുന്ന യുവതി ഇന്നലെ രാത്രിയാണ് മരിച്ചത്.
ഈ മാസം 11ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഡൽഹി എസ്ജിഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. എന്നാൽ ഗുരുതരാവസ്ഥയിലായതിനാൽ യുവതിയുടെ മൊഴി രേഖപ്പെടുത്താനായില്ല. ഇവരെ പിന്നീട് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും അവിടെ എയിംസിലേക്കും മാറ്റുകയായിരുന്നു.
ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന യുവതി കഴിഞ്ഞ ആറ് വർഷമായി മോഹിതിനൊപ്പമായിരുന്നു താമസം. ആദ്യ വിവാഹത്തിലെ ഒരു കുട്ടി ഉൾപ്പെടെ രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. മോഹിത് മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായെന്നാണ് പോലീസിന് വിവരം ലഭിച്ചത്. തർക്കത്തിനിടെ മോഹിത് ടർപിൻ ഓയിൽ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ചതിന് ശേഷം തീ കൊളുത്തുകയായിരുന്നു. യുവതിയുടെ വീട്ടുകാരുടെ പരാതിയിലാണ് മോഹിതിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post