മറ്റുള്ളവരെ സ്‌നേഹിക്കണം, ബഹുമാനിക്കണം എന്നെല്ലാം എല്ലാ മാതാപിതാക്കളും ചെറുപ്രായം മുതല്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്. എന്നാല്‍ എത്രപേര്‍ നമ്മള്‍ സ്വയം സ്‌നേഹിക്കണമെന്ന വളരെ പ്രധാനപ്പെട്ട അറിവ് മക്കള്‍ക്ക് പകര്‍ന്നുനല്‍കാറുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് നല്‍കേണ്ട ഒരറിവാണിത്. പിന്നീടുള്ള ജീവിതത്തില്‍ അവര്‍ക്ക് ഏറ്റവും ഉപകാരപ്രദമാകുന്നതും ഏറെ ആശയക്കുഴപ്പങ്ങളില്‍ നിന്ന് അവരെ കരകയറ്റുന്നതും ഇക്കാര്യമായിരിക്കും.
നമ്മള്‍ സ്വയം സ്‌നേഹിക്കാന്‍ പഠിക്കുമ്പോഴും നമ്മുടെ ജീവിതത്തില്‍ നമുക്ക് തന്നെ മുന്‍ഗണന നല്‍കുമ്പോഴും തീരുമാനമെടുക്കലുകളില്‍ വലിയ കൃത്യത കൈവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല ആരൊക്കെ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരിക്കണമെന്നതിലും നമ്മുടെ ജീവിതം എങ്ങനെ ആയിരിക്കണമെന്നതിലുമെല്ലാം കൃത്യമായ ബോധ്യം അങ്ങനെയുള്ളവരില്‍ ഉണ്ടാകും.
ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ സ്വയം സ്‌നേഹിക്കാന്‍ പഠിക്കണം. മക്കളെ സ്വയം സ്‌നേഹിക്കാന്‍ ഏങ്ങനെ പഠിപ്പിക്കാമെന്നത് സംബന്ധിച്ച് സൈക്കോളജിസറ്റായ ഡോ. ജാസ്മിന്‍ മക്കോയി പറയുന്ന കാര്യങ്ങള്‍ വളരെ പ്രസക്തമാണ്.
കുട്ടികളെ സ്വയം മതിപ്പുള്ളവരാക്കി മാറ്റുക
തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കുട്ടികളുടെ അഭിപ്രായം തേടുന്നതിലൂടെയും വീട്ടിലെ കാര്യങ്ങളില്‍ ടീംവര്‍ക്കിന്റെ അഥവാ ഒത്തൊരുമയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിലൂടെയും വീട്ടില്‍ തനിക്കും ഒരു പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്ന തോന്നല്‍ കുട്ടികള്‍ക്കുണ്ടാകും. അതിലൂടെ സ്വയം സ്‌നേഹിക്കാനും കൂടുതല്‍ മെച്ചപ്പെടാനും കുട്ടികള്‍ക്കാകും. എന്നാല്‍ പലപ്പോഴും നമ്മുടെ വീടുകളില്‍ നേരെ മറിച്ചാണ് സംഭവിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. മുതിര്‍ന്നവര്‍ സംസാരിക്കുമ്പോള്‍, കുട്ടികള്‍ കേള്‍ക്കാനുള്ളതല്ലെന്ന് പറഞ്ഞ് അവരെ അകറ്റിനിര്‍ത്തുമ്പോള്‍ കുട്ടികള്‍ക്ക് സ്വയം മതിപ്പ് ഇല്ലാതെയാകുന്നു.
അഭിനന്ദിക്കണം, പക്ഷേ അതവരുടെ പരിശ്രമത്തെ ആകണം
ഒരു പരീക്ഷ വന്നാല്‍ മാര്‍ക്ക് കിട്ടുന്നത് വരെ അക്ഷമരായി കാത്തിരിക്കുന്ന എത്രയോ മാതാപിതാക്കളുണ്ട്. അത് തെറ്റാണെന്നല്ല. പക്ഷേ എന്ത് കാര്യം ചെയ്യുമ്പോഴും അതിന്റെ ഫലം നോക്കിയിട്ടാകരുത് കുട്ടിയെ അഭിനന്ദിക്കേണ്ടത്. അവരുടെ പരിശ്രമത്തെയും പ്രവൃത്തികളെയും അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നത്, തങ്ങള്‍ ചെയ്യുന്നത് മികച്ച കാര്യമാണെന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടാക്കും. മാത്രമല്ല, കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനും അത്തരം പ്രോത്സാഹനങ്ങള്‍ അവര്‍ക്ക് ഊര്‍ജ്ജമേകും.
പരിമിതികള്‍ മനസിലാക്കി വളരട്ടെ
വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ പരിമിതികളുടെ പ്രാധാന്യം പറഞ്ഞ് ബോധ്യപ്പെടുത്തണം. വളരുമ്പോള്‍ ആരോഗ്യപരമായ ഒരു ചുറ്റുപാട് രൂപപ്പെടുത്തിയെടുക്കാന്‍ അതവരെ സഹായിക്കും.
അവരുടെ നല്ലവശം കണ്ടെത്തുക
എപ്പോഴും കുട്ടികളുടെ മോശം വശം മാത്രം പറയുന്നത് അവരില്‍ ആത്മവിശ്വാസക്കുറവ് സൃഷ്ടിക്കുകയും അപകര്‍ഷതാബോധം ഉണ്ടാക്കുകയും ചെയ്യും. മറിച്ച്, എല്ലാ കുട്ടികളും ഒരുപോലെയല്ലെന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ നല്ല വശം കണ്ടെത്തി അത് വളര്‍ത്തിയെടുക്കാന്‍ അവരെ സഹായിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്.
ശരീരത്തെ കുറിച്ചും സംസാരിക്കുക
സ്വന്തം ശരീരത്തെ കുറിച്ച് കുട്ടികളില്‍ ചെറിയ പ്രായത്തിലേ അവബോധം സൃഷ്ടിക്കണം. അവര്‍ അത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോഴോ, സംശയങ്ങള്‍ ചോദിക്കുമ്പോഴോ പിന്തിരിപ്പിക്കുകയോ ശ്രദ്ധ തിരിച്ചുവിടുകയോ ചെയ്യരുത്. പോസിറ്റീവ് ആയ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ആവശ്യമാണ്. സ്വന്തം ശരീരത്തെ സ്‌നേഹിക്കാനും അംഗീകരിക്കാനും കുട്ടികള്‍ പഠിക്കുന്നത് അങ്ങനെയാണ്. ശരീരത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിയാനും ശരീരം സംരക്ഷിക്കാനും ഇതിലൂടെ കുട്ടികള്‍ പഠിക്കും.
Discussion about this post