കൊച്ചി: നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ വിയോഗ വാർത്തയറിഞ്ഞ ഞെട്ടലിലാണ് കേരളക്കര. ഏറെ നാളായി കരൾരോഗം ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും താരത്തിന്റെ രോഗാവസ്ഥയെ കുറിച്ച് പ്രേക്ഷകർക്കാർക്കും അറിവുണ്ടായിരുന്നില്ല. ജനുവരി അവസാനവാരം മുതൽ അവർ രോഗം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
സുബിയെ രക്ഷിക്കാൻ പത്ത് ദിവസത്തോളമായി ഇതിന് പിന്നാലെ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി.സുബി ഇനിയില്ലെന്ന് ചിന്തിക്കാനാകുന്നില്ലെന്നും മരണം ഒഴിവാക്കാൻ സുഹൃത്തുക്കൾ പരമാവധി ശ്രമിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. അവയവദാനത്തിലെ നൂലമാലകൾ ചികിത്സ വൈകിപ്പിക്കാൻ കാരണമായെന്ന് നടൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിർത്തിയെടുത്തു ദീർഘകാലം അവർക്ക് അവരുടെ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണ്. ഇതിനൊക്കെ നമുക്ക് നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെങ്കിൽ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു.
അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനും മറ്റും എല്ലാവരും അത് ജില്ല കളക്ടർ മുതൽ വില്ലേജ് ഓഫീസർ വരെ എന്തിനും തയ്യാറായി ഇതിനൊപ്പം നിന്നു. അവയവ കച്ചവടം നടക്കുന്നതിനാൽ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാൽ ദയ കാരുണ്യം എന്നിവ തോന്നി ഒരാൾ കരൾ ദാനം ചെയ്താൽ പോലും സ്വീകരിക്കാൻ തടസ്സം ഉണ്ടാകുന്ന ഏറെ നൂലമാലകൾ സൃഷ്ടിച്ചതിൻറെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവൻ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാൻ പോകുന്നതെന്ന് താരം പറഞ്ഞു.
കലാലോകത്തിന് ഇനിയും സുബിയിൽ നിന്ന് ഒരുപാട് സംഭാവനകൾ ലഭിക്കേണ്ടിയിരുന്നു. പ്രകടനത്തിന്റെയുംപ്രതിഭയുടെ കാര്യത്തിലും മാതൃകയാക്കേണ്ട കലാകാരിയായിരുന്നു. സുബിയുടെ മരണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. അതിന് ഒരുപാട് സുമനസ്സുകൾ കൂടെ നിന്നു. എറണാകുളം കളക്ടടർ രേണു രാജ്, ടിനി ടോം, ഗിന്നസ് പക്രു, നാദിർഷ അങ്ങനെ മിമിക്രി ലോകത്തെ ഒരുപാടാളുകൾ ഒപ്പമുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു
Discussion about this post