ഹൈദരാബാദ്: ഹൈദരാബാദിൽ നാല് വയസ്സുള്ള കുട്ടിയെ കടിച്ചു കീറി തെരുവുനായ്ക്കൾ. അഞ്ച് വയസ്സുള്ള ആൺകുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്ന ദാരുണസംഭവമുണ്ടായി 24 മണിക്കൂറിനുള്ളിലാണ് മറ്റൊരു ആക്രമണം കൂടി ഉണ്ടായിരിക്കുന്നത്. ഹൈദരാബാദിലെ ചൈത്യന്യപുരി മാരുതിനഗറിലാണ് സംഭവം.
നാല് വയസ്സുകാരനായ ഋഷി എന്ന ആൺകുട്ടിയെ ആണ് തെരുവുനായകൾ കടിച്ചു കീറിയത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ നാലോളം തെരുവുനായകൾ കൂട്ടമായെത്തി കടിച്ചു കീറുകയായിരുന്നു. എന്നാൽ വീട്ടുകാർ ഉടൻ തന്നെ ഇത് കാണുകയും, കുട്ടിയെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലാകെ മുറിവേറ്റിട്ടുണ്ട്.
ഋഷിയോടൊപ്പം മൂന്ന് കുട്ടികൾ കൂടി ഉണ്ടായിരുന്നു. വീട്ടുകാർ ഓടി വന്നത് കൊണ്ട് ഇവരെ നായകൾ ആക്രമിക്കുന്നതിൽ നിന്ന് രക്ഷപെടുത്താനായി. കുഞ്ഞിന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 24 മണിക്കൂറിനുളളിൽ ഹൈദരാബാദിലുണ്ടാകുന്ന രണ്ടാമത്തെ തെരുവുനായ ആക്രമണമാണിത്.
ഇന്നലെ അംബർപേട്ടിലെ ഹൗസിംഗ് സൊസൈറ്റിയിൽ വച്ചാണ് അഞ്ച് വയസ്സുകാരനെ നായകൾ കടിച്ചുകൊന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ നായകൾ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ നേരെ നായകൾ പാഞ്ഞടുക്കുന്നതും കടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കുട്ടിയുടെ പിതാവ് ഹൗസിംഗ് സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
Discussion about this post