ഗോഡൗൺ തകർത്ത് 400 കിലോ അരി കഴിച്ച് തീർത്ത് കാട്ടാന. കർണാടകയിലെ ഹാസൻ ജില്ലയിലെ അനുഗട്ട ഗ്രാമത്തിലെ അഗ്രികൾച്ചർ പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് സംഭവം. അരി നിറച്ച് വച്ച ചാക്കുകൾ കാലിയായി നിലത്ത് കിടക്കുന്നത് കണ്ടതോടെയാണ് ഗോഡൗണിലെ ജീവനക്കാർ സിസിടിവി പരിശോധിക്കുന്നത്. ഗ്രാമത്തിലുള്ളവർക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി തലേദിവസമാണ് അരിച്ചാക്കുകൾ ഗ്രാമത്തിൽ എത്തിക്കുന്നത്.
ഒടുവിൽ സിസിടിവി പരിശോധിച്ചപ്പോഴാണ് അരി കട്ട കള്ളൻ ആരാണെന്ന് കണ്ടെത്തുന്നത്. പ്രദേശത്ത് എത്തിയ കാട്ടാനയാണ് അരി മുഴുവൻ കഴിച്ച് തീർത്തത്. ഭക്ഷണം അന്വേഷിച്ചെത്തിയ കാട്ടാന ഗോഡൗണിന്റെ മുന്നിലും പിന്നിലുമുള്ള വാതിലുകൾ തകർത്തു. പിന്നെയാണ് അരിച്ചാക്കുകൾ എടുത്ത് പുറത്തിട്ട് അതിലെ അരി മുഴുവൻ തിന്ന് തീർത്തത്. ഏകദേശം ഇരുന്നൂറ് കിലോയോളം അരിയാണ് ആന ഒറ്റയടിക്ക് കഴിച്ച് തീർത്തത്.
പുലർച്ചെ 4.45ഓടു കൂടിയാണ് ആന കടയിലേക്ക് എത്തുന്നത്. ആനയാണ് കള്ളൻ എന്ന് മനസിലാക്കിയ ഗോഡൗൺ അധികാരികൾ ഉടൻ തന്നെ ഈ വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. കഴിഞ്ഞ വർഷവും ഇവിടെ സമാനമായ സംഭവം ഉണ്ടായതായാണ് റിപ്പോർട്ട്. 2022 ഏപ്രിലിൽ ആയിരുന്നു സംഭവം. അന്നും ഏകദേശം നാല് ക്വിന്റലോളം അരിയാണ് ആന കഴിച്ച് തീർത്തത്. ഇതേ ആന തന്നെയാണ് കഴിഞ്ഞ ദിവസവും എത്തിയതെന്നാണ് സൂചന.
Discussion about this post