ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഡൽഹിയിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. ഉപഹാരമായി പ്രധാനമന്ത്രിയ്ക്ക് സുരേന്ദ്രൻ ശ്രീകൃഷ്ണ വിഗ്രഹവും കൈമാറി.
സമൂഹമാദ്ധ്യമങ്ങൾ വഴി സുരേന്ദ്രൻ തന്നെയായിരുന്നു കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചതായി സുരേന്ദ്രൻ പറഞ്ഞു. സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹവുമായി ചർച്ച ചെയ്തുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി. രാവിലെയായിരുന്നു പ്രധാനമന്ത്രിയുമായുള്ള സുരേന്ദ്രന്റെ കൂടിക്കാഴ്ച.
കഴിഞ്ഞ ദിവസമായിരുന്നു സുരേന്ദ്രൻ ഡൽഹിയിൽ എത്തിയത്. കേരളത്തിലെ ജനങ്ങൾ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങൾ കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തുന്നതിന് വേണ്ടി വിവിധ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ഡൽഹി യാത്ര. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ബഫർസോൺ വിഷയത്തിൽ സമരം ചെയ്യുന്ന എയ്ഞ്ചൽവാലി പമ്പാവാലി കോരുത്തോട് പ്രദേശങ്ങളിലെ സമരസമിതി നേതാക്കളോടൊപ്പമായിരുന്നു സുരേന്ദ്രൻ ഭൂപേന്ദ്ര യാദവിനെ കണ്ടത്. ബി. ജെ. പി കോട്ടയം ജില്ലാ പ്രസിഡണ്ട് ലിജിൻലാൽ, സമരസമിതി കൺവീനർ പി. ജെ. സെബാസ്റ്റ്യൻ,ഫാദർ ജെയിംസ് കൊല്ലം പറമ്പിൽ എന്നിവരും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. നിരവധി പരിസ്ഥിതി പ്രശ്‌നങ്ങൾ കേന്ദ്രമന്ത്രിയുമായി സുരേന്ദ്രൻ ചർച്ച ചെയ്തു. കേരളത്തിലെ സ്ത്രീസമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പാർട്ടി സംഘടനാ പ്രവർത്തനത്തെക്കുറിച്ചുമാണ് സ്മൃതി ഇറാനിയുമായി അദ്ദേഹം സംസാരിച്ചത്.
Discussion about this post