കാബൂൾ: അഫ്ഗാനിസ്ഥാനിലെത്തി താലിബാൻ പ്രതിനിധികളെ സന്ദർശിച്ചത് വെറുതെ ആയില്ലെന്ന് പാകിസ്താൻ. രാജ്യത്ത് തെഹ്രികെ താലിബാൻ പാകിസ്താന്റെ നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്ന് താലിബാൻ പാക് ഉന്നതപ്രതിനിധി സംഘത്തിന് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലെ തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ(ടിടിപി) താവളങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് അഫ്ഗാൻ താലിബാൻ വാഗ്ദാനം ചെയ്തു.
എന്നാൽ ടിടിപിയ്‌ക്കെതിരെ നടപടിയെടുക്കാൻ താലിബാൻ പാക് സർക്കാരിന് മുമ്പിൽ വലിയ ഉപാധിയാണ് വച്ചിരിക്കുന്നത്. പാകിസ്താനിലുടനീളമുള്ള ജയിലുകളിൽ തടവിലാക്കപ്പെട്ട താലിബാൻ അംഗങ്ങളെ മോചിപ്പിക്കാൻ അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബരാദർ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ, സുരക്ഷാ പ്രശ്നങ്ങൾ ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക കാര്യങ്ങളെ ബാധിക്കരുതെന്നും ഉപാധിയായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് താലിബാനുമായി സന്ധി ചർച്ച നടത്താൻ പാകിസ്താനിൽ നിന്ന് ഉന്നതപ്രതിനിധി സംഘം അഫ്ഗാനിസ്ഥാനിലെത്തിയത്. പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം കാബൂളിലെത്തിയത്. ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) മേധാവി ലഫ്റ്റനന്റ് ജനറൽ നദീം അൻജും, വിദേശകാര്യ സെക്രട്ടറി അസദ് മജീദ് ഖാൻ, അഫ്ഗാനിസ്ഥാനിലെ ചുമതലയുള്ള ഉബൈദുർ റഹ്‌മാൻ നിസാമാനി, അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന്റെ പ്രത്യേക പ്രതിനിധി മുഹമ്മദ് സാദിഖ് എന്നിവരും സംഘത്തിലുണ്ട്. പ്രതിരോധ മന്ത്രി ഖവാജ ആസിഫിനൊപ്പം പാകിസ്താൻ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബരാദറുമായി കൂടിക്കാഴ്ച നടത്തി.
Discussion about this post