ലണ്ടൻ : ഐഎസ് വധു ഷമീമ ബീഗത്തിന് യുകെ പൗരത്വം നൽകാനാകില്ലെന്ന് കോടതി. ഐഎസ് ഭീകര സംഘടനയിൽ ചേരാൻ സിറിയയിലേക്ക് പോയതിന് പിന്നാലെയാണ് ഷമീമയ്ക്ക് ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ടത്. ഇതിനെതിരെ നടത്തിയ നിയമപോരാട്ടത്തിൽ ഷമീമ പരാജയപ്പെട്ടു. 23 കാരിയായ ഷമീമ ബീഗത്തിന് വടക്കൻ സിറിയയിൽ നിന്ന് യുകെയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് ജഡ്ജി റോബർട്ട് ജെയ് വിധിയെഴുതി.
ഫെബ്രുവരി 11ന് ബ്രിട്ടീഷ് സർക്കാർ ഷമീമ ബീഗത്തിന്റെ പൗരത്വം നിയമവിരുദ്ധമായി റദ്ദാക്കിയെന്ന വാദം കോടതി തള്ളിയിരുന്നു. 2019 ഫെബ്രുവരിയിൽ മുൻ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദാണ് ഷമീമയുടെ പൗരത്വം റദ്ദാക്കാൻ തീരുമാനിച്ചത്. അന്ന് മുതൽ ഇവർ പാസ്‌പോർട്ട് വീണ്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ നവംബറിൽ നടന്ന ഹിയറിംഗിനിടെ ഷമീമ ഐഎസ് ഭീകരരുടെ ഇരയാണെന്ന വാദം ഉയർന്നിരുന്നു. ലൈംഗിക ചൂഷണം നടത്താൻ 15 കാരിയായ ഷമീമയെ തട്ടിക്കൊണ്ട് പോയതാണെന്നാണ് പ്രത്യേക ഇമിഗ്രേഷൻ അപ്പീൽ കമ്മീഷൻ പറഞ്ഞത്. എന്നാലിത് കോടതി നിരസിക്കുകയായിരുന്നു.
2015 ലാണ് ഷമീമ തന്റെ സഹപാഠികൾക്കൊപ്പം സിറിയയിലേക്ക് പോയത്. 16 വയസ്സുള്ള കദീസ സുൽത്താനയും 15 വയസ്സുകാരി അമീറ അബസെയും ഷമീമയ്‌ക്കൊപ്പം യുകെ വിട്ടു. തുടർന്ന് മൂന്ന് പേരും ഐഎസ് ഭീകരരെ വിവാഹം കഴിച്ചു. നിലവിൽ ഷമീമ സിറിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് താമസിക്കുന്നത്. മറ്റ് രണ്ട് പേരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല.
Discussion about this post