ചെന്നൈ: ഡിഎംകെ കൗൺസിലറുടെ ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ചെന്നൈയിൽ ബിജെപി സംഘടിപ്പിച്ച നിരാഹാര സമരത്തിനിടെ സംസാരിച്ച മുൻ സൈനികനെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്. ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ സൈനികനുമായ കേണൽ ബിബി പാണ്ഡ്യനെതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്. അനുവാദമില്ലാതെ മാർച്ച് നടത്തിയതിന്റെ പേരിൽ 3500ഓളം ബിജെപി പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യൻ സൈന്യത്തെ പ്രകോപിപ്പിക്കുന്നത് സർക്കാരിന്റെ നല്ലതിന് വേണ്ടിയല്ലെന്ന് ബിബി പാണ്ഡ്യൻ പ്രസംഗിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പരാമർശം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് പോലീസ് കേസെടുത്തിരിക്കുന്നത്. ” തമിഴ്നാട് സർക്കാരിന് ഞാൻ മുന്നറിയിപ്പ് നൽകുകയാണ്. ഏറ്റവും അച്ചടക്കമുള്ളതും, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തേതുമായ സേനാവിഭാഗമാണ് ഇന്ത്യയുടേത്. നിങ്ങൾ സൈനികരെ പ്രകോപിപ്പിച്ചാൽ അത് സംസ്ഥാനത്തിനോ സർക്കാരിനോ നല്ലതല്ല.
സൈന്യത്തെ പരീക്ഷിക്കാനാണ് ശ്രമമെങ്കിൽ, സംസ്ഥാനത്ത് ക്രമസമാധാനം നിലനിൽക്കില്ല. ഏറ്റവും നല്ല രീതിയിലാണ് ഞാൻ ഇപ്പോൾ കാര്യങ്ങൾ പറയുന്നത്. ബോംബുകളും തോക്കുകളും ഉപയോഗിക്കാൻ വിമുക്തഭടന്മാർക്കും പരിശീലനം ലഭിച്ചിട്ടുള്ളതാണ്. ഞങ്ങളെ അങ്ങനെ ചെയ്യിക്കാൻ സർക്കാർ പ്രേരിപ്പിക്കരുത്. ഞങ്ങൾ അങ്ങനെ ചെയ്യാനും ആഗ്രഹിക്കുന്നില്ല. പക്ഷേ ഞങ്ങളെ അതിന് പ്രേരിപ്പിക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് പറയുകയാണ്. ഇതൊരു മുന്നറിയിപ്പാണെന്നും” ബിബി പാണ്ഡ്യൻ പറഞ്ഞു.
Discussion about this post