റാഞ്ചി: സനാതന ധർമ്മത്തിലേക്ക് തിരികെ മടങ്ങി ചത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായ കുടുംബങ്ങൾ. 36 കുടുംബങ്ങളിലെ 250 പേരാണ് ഹിന്ദു മതം സ്വീകരിച്ചത്. മതപരിവർത്തനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ധർമ്മ ജാഗ്രൻ കോർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്, ആര്യസമാജം, മാതാ പൂജാരി സമ്മേളൻ എന്നീ ഹിന്ദു സംഘടനകൾ നേതൃത്വം നൽകി.
വർഷങ്ങൾക്ക് മുൻപ് ക്രിസ്തു മതം സ്വീകരിച്ചവരാണ് തിരികെ മടങ്ങിയെത്തിയത്. ഗംഗാജലം നൽകിയായിരുന്നു ഇവരെ സനാതനധർമ്മത്തിലേക്ക് കൊണ്ടുവന്നത്. ഇവർക്കായി അർച്ചനയും മറ്റ് വഴപാടുകളും കഴിച്ചു. പല വിധ പ്രലോഭനങ്ങളിൽ അകപ്പെട്ടായിരുന്നു ഇവർ ക്രിസ്തു മതം സ്വീകരിച്ചത്.
ഹിന്ദുത്വത്തെ സംരക്ഷിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് പരിപാടിയിൽ പങ്കെടുത്ത ബിജെപി നേതാവ് പ്രഭൽ പ്രതാപ് സിംഗ് പറഞ്ഞു. ഇത്രയും അധികം പേർ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത് നല്ല ലക്ഷണമാണ്. പാവപ്പെട്ടവരെ അവരുടെ നിസ്സഹായത മുതലെടുത്ത് കൃസ്ത്യൻ മിഷണറിമാർ മതം മാറ്റുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവരെ തിരികെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് വിശ്വ ഹിന്ദു പരിഷത് നേതാവ് രാകേഷ് മഹാരാജും പറഞ്ഞു. നിർബന്ധത്തിനും പ്രലോഭനത്തിനും വഴങ്ങിയാണ് ഹിന്ദു മതം അവർക്ക് ഉപേക്ഷിക്കേണ്ടിവന്നത്. എന്നാൽ ഇന്നവർക്ക് യഥാർത്ഥ്യം ബോദ്ധ്യപ്പെട്ടു. സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയതിൽ അവർ അതിയായി സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.=
Discussion about this post