തൃശൂർ: ജോലികഴിഞ്ഞ് നടന്നുപോകുകയായിരുന്ന അസം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്നുപേർ തൃശൂർ ടൗൺ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി 8.45 ഓടെ ജോലികഴിഞ്ഞ് നടന്നുപോകുകയായിരുന്ന അസം സ്വദേശിയെ കൂർക്കഞ്ചേരി സോമിൽ റോഡ് പരിസരത്തുവെച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
പണം ആവശ്യപ്പെട്ടപ്പോൾ ഇയാൾ കൈവശം പണമില്ലെന്ന് പറഞ്ഞു. എന്നാൽ
പ്രതികൾ മൊബൈൽഫോൺ നമ്പറിലേക്ക് 300 രൂപ അയയ്ക്കാൻ പറഞ്ഞു. പണം അയച്ചതോടെ ഇയാളുടെ അക്കൗണ്ടിൽ പണമുണ്ടെന്ന് മനസ്സിലാക്കി മൊബൈൽഫോൺ തട്ടിപ്പറിച്ച്, ഭീഷണിപ്പെടുത്തി, പിൻ നമ്പർ വാങ്ങി അക്കൗണ്ടിലുണ്ടായിരുന്ന 12000 രൂപ ഗൂഗിൾ പേ വഴി പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ഉടൻ ഇവർ ബൈക്കുകളിൽ കയറി സ്ഥലം വിടുകയും ചെയ്തു.
കണിമംഗലം കുറുപ്പം വീട്ടിൽ മുഹമ്മദ് യാസിൻ (18) ഒല്ലൂക്കര കാളത്തോട് കോക്കാക്കില്ലത്ത് മുഹമ്മദ് ബിലാൽ (18) ഒല്ലൂർ അഞ്ചേരിച്ചിറ ഷൊർണൂക്കാരൻ വിജീഷ് (18) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ പിടികിട്ടാനുണ്ട്. അതിഥിതൊഴിലാളി പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. ലാൽകുമാർ, സബ് ഇൻസ്‌പെക്ടർ സി.എസ്. നെൽസൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.എം. ജോമോൻ, സൈബർസെൽ സിപിഓ ശരത് കെ.എസ് എന്നിവരാണ് അന്വേഷണം നടത്തി പ്രതികളെ പിടിച്ചത്.











