പാലക്കാട്: മസാജിംഗ് സെന്ററിന്റെ മറവിൽ ലഹരി ഇടപാട് നടത്തിയ യുവതി അറസ്റ്റിൽ. കണ്ണൂർ സ്വദേശിനി ശിൽപ്പയെ ആണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപ് എംഡിഎംഎയുമായി പിടിയിലായ കുനിശേരി സ്വദേശി അഞ്ചൽ, മഞ്ഞള്ളൂർ സ്വദേശി മിഥുൻ എന്നിവരെ പിന്തുടർന്നുള്ള അന്വേഷണമാണ് യുവതിയിലേക്ക് എത്തിച്ചത്. ഇവരിൽ നിന്ന് 11.70 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്.
ആവശ്യക്കാരന് ലഹരി കൈമാറാൻ കാത്തു നിൽക്കുകയായിരുന്ന യുവാക്കളെ പോലീസ് കൃത്യമായി നിരീക്ഷിച്ച ശേഷം പിടികൂടുകയായിരുന്നു. ഇവരുടെ ഫോണിൽ നിന്നാണ് ശിൽപ്പയെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്നത്. ലഹരി ഇടപാട് സംബന്ധിച്ചുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളും ഫോൺ കോൾ രേഖകളുമെല്ലാം പോലീസ് ശേഖരിച്ചിട്ടുണ്ട്. ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ശിൽപ്പയേയും പോലീസ് പിടികൂടിയത്.
വിവിധ ജില്ലകളിലെ മസാജിംഗ് സെന്ററുകളിൽ ശിൽപ്പ ജോലി ചെയ്തിട്ടുണ്ട്. ഈ സമയത്ത് പരിചയപ്പെട്ട യുവാക്കളിൽ നിന്നാണ് ഇവർ ലഹരി വിൽപ്പനയിലേക്ക് കടക്കുന്നത്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ലഹരി ഇടപാടുകാരുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. മസാജിംഗ് സെന്ററുകൾ ലഹരി കൈമാറ്റത്തിനുള്ള സ്ഥലമായി മാറ്റിയിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഫോൺ വഴി പതിവ് ഇടപാടുകാരിൽ നിന്നാണ് ഇവർ ലഹരി വാങ്ങിയിരുന്നത്. സംഘത്തിന്റെ ഭാഗമായ ബാക്കിയുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.
Discussion about this post