തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും നടപടി നേരിട്ട ശേഷം മടങ്ങിയെത്തിയ സിപിഎം നേതാവ് പി കെ ശശി നടത്തിയ വമ്പൻ അഴിമതികൾ തെളിവ് സഹിതം പുറത്ത്. ശശി നടത്തിയ ലക്ഷങ്ങളുടെ ഫണ്ട് തിരിമറിയുടെ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് വേണ്ടി ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയ പത്ത് ലക്ഷം രൂപയുടെയും ജില്ലാ സമ്മേളനം നടത്തിയതിന്റെ പേരിൽ ശശിയുടെ അക്കൗണ്ടിലെത്തിയ പത്ത് ലക്ഷം രൂപയുടെയും രേഖകൾ പുറത്ത് വന്നവയിൽ പെടുന്നു.
ശശിക്കെതിരെ പ്രധാനമായും ഏഴ് രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. യൂണിവേഴ്സൽ കോളേജ് ചെയർമാൻ ആകുന്നതിന് വേണ്ടി സഹോദരിയുടെ വീട്ടുപേരിൽ സ്വന്തമായി അഡ്രസ് പ്രൂഫ് ഉണ്ടാക്കിയതും പുറത്തായി.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നുള്ള അഞ്ച് കോടി അറുപത് ലക്ഷം രൂപ യൂണിവേഴ്സൽ കോളേജിന് ഓഹരി വാങ്ങിയതിന്റെ രേഖകൾ, മണ്ണാർക്കാട് സർക്കിൾ സഹകരണ വകുപ്പിന്റെ വിവിധ സൊസൈറ്റികളിൽ നടത്തിയ 35 നിയമനങ്ങളുടെ രേഖകൾ, ഡ്രൈവർ പി കെ ജയന്റെ പേരിൽ അലനെല്ലൂർ വില്ലേജ് പരിസരത്ത് വാങ്ങിയ ഒരു കോടിയ്ക്ക് മുകളിൽ വില വരുന്ന സ്ഥലത്തിന്റെ ആധാരവും അതിന്റെ പോക്കുവരവ് നടത്തിയ രേഖകളും, മണ്ണാർക്കാട് നഗരസഭയിലെ പാവാടിക്കുളത്തിന് സമീപത്തുള്ള സ്ഥലക്കച്ചവടത്തിന്റെ രേഖകൾ എന്നിവയും പുറത്ത് വന്നു.
കൂടാതെ, യൂണിവേഴ്സൽ കോളേജിന് സമീപം മകന്റെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലത്തിന്റെ രേഖയും പുറത്ത് വന്നു.വിഷയം പാർട്ടിക്കുള്ളിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കാര്യം സിപിഎം ഉടൻ ചർച്ച ചെയ്യും എന്നാണ് വിവരം.
Discussion about this post