അഹമ്മദാബാദ്: വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെ ഹൃദയാഘാതം വന്ന് വധു മരിച്ചതോടെ, വധുവിന്റെ അനുജത്തിയെ കൊണ്ട് വരനെ വിവാഹം കഴിപ്പിച്ച് ബന്ധുക്കൾ. ഗുജറാത്ത് ഭാവ്‌നഗറിൽ ഇന്നലെയാണ് സംഭവം. ജിനാഭായ് റാത്തോഡിന്റെ മകൾ ഹേതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുട്ടഭായി അൽഗോതറിന്റെ മകൻ വിശാലും തമ്മിലുള്ള വിവാഹമാണ് നടക്കാനിരുന്നത്. ചടങ്ങുകളുടെ ഭാഗമായിട്ടുള്ള ഘോഷയാത്രയ്ക്കിടെ ഹേതലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഹേതലിന്റെ മരണം ഞെട്ടലുണ്ടാക്കിയെങ്കിലും വിവാഹച്ചടങ്ങുകൾ തുടരാൻ കുടുംബം നിർദ്ദേശിക്കുകയായിരുന്നു. വിവാഹച്ചടങ്ങ് മാറ്റി വയ്ക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞ കുടുംബം, ഹേതലിന്റെ അനുജത്തിയെ വധുവായി തിരഞ്ഞെടുക്കുകയും ചെയ്തു.
തുടർന്ന് ഹേതലിന്റെ അനുജത്തിയെ വിശാൽ വിവാഹം ചെയ്തു. വിവാഹച്ചടങ്ങുകൾ പൂർത്തിയാകുന്നത് വരെ യുവതിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചു. വധൂവരന്മാർ വീട്ടിലേക്ക് യാത്രയാകുന്ന ചടങ്ങ് പൂർത്തിയായ ശേഷമാണ് ഹേതലിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്.
Discussion about this post