ഹൈദരാബാദ് : കാമുകിക്ക് മെസേജ് അയച്ച സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലാണ് സംഭവം. നവീൻ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഹരിഹര കൃഷ്ണൻ പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങി.
യുവതി ഉൾപ്പെടെ മൂന്ന് പേരും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. രണ്ട് പേർക്കും യുവതിയോട് പ്രണയമായിരുന്നു. തുടർന്ന് നവീൻ പ്രണയാഭ്യർത്ഥന നടത്തുകയും ഇവർ പ്രണയബന്ധത്തിലാവുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം ഇവർ രണ്ട് പേരും പിരിഞ്ഞു. തുടർന്നാണ് യുവതി ഹരിഹര കൃഷ്ണനുമായി പ്രണയത്തിലാവുന്നത്.
അപ്പോഴും യുവതി നവീനുമായി സംസാരിക്കുക പതിവായിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചത്. തന്റെ കാമുകിയ്ക്ക് മെസേജ് അയച്ച് ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഹരിഹര കൃഷ്ണൻ നവീനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഹൃദയം പറിച്ചെടുത്ത നിലയിലാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. വിരലുകളും സ്വകാര്യ ഭാഗവും അറുത്ത് മാറ്റിയിരുന്നു. കൊലയ്ക്ക് ശേഷം നവീന്റെ ചിത്രമെടുത്ത് കാമുകിക്ക് അയച്ച് കൊടുത്ത ശേഷമാണ് ഹരിഹര കൃഷ്ണൻ പോലീസ് സ്‌റ്റേഷനിൽ ഹാജരായത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.








