പാലക്കാട്: ഷോളയൂരിൽ വീടിനുള്ളിൽ നിന്നും മാൻ ഇറച്ചി പിടികൂടി. സംഭവത്തിൽ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വെച്ചപ്പതി ഊർ സ്വദേശികളായ രേശൻ (46), അയ്യാവ് (36) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
മാനിനെ വേട്ടയാടുന്നതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷോളയൂർ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സജീവന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധയിലാണ് ഇറച്ചി പിടിച്ചെടുത്തത്. ഇവരിൽ നിന്നും കണ്ടെടുത്ത മാനിറച്ചിയ്ക്ക് ആറ് കിലോയോളം തൂക്കംവരുമെന്ന് വനംവകുപ്പ് അറിയിച്ചു. വീട്ടിൽ ഉണക്കി സൂക്ഷിക്കുവാനായി അടുപ്പിന് മുകളിൽ തൂക്കിയിട്ടിരുന്ന നിലയിൽ ആയിരുന്നു ഇറച്ചി.
വാർഡ് മെമ്പർ ഡി. രവിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ പ്രദേശവാസിയായ മൂർത്തിയാണ് ഇനിയും പിടിയിലാകാനുള്ളത്. മാനിന്റെ ഇറച്ചി അറസ്റ്റിലായവർക്ക് നൽകിയത് മൂർത്തിയാണ്. വനത്തിൽ ചത്ത് കിടന്നിരുന്ന മാനിന്റെ ഇറച്ചിയെന്ന് പറഞ്ഞാണ് മൂർത്തി ഇറച്ചി നൽകിയതെന്നാണ് പ്രതികളുടെ മൊഴി.












