മുംബൈ: ആറാം ഐപിഎൽ കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടിയായി സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്രയുടെ പരിക്ക്. മാസങ്ങളായി പരിക്കിന്റെ പിടിയിൽ തുടരുന്ന ബൂമ്ര അടുത്ത കാലത്തൊന്നും ദേശീയ ടീമിലും കളിച്ചിരുന്നില്ല. ഐപിഎല്ലിലും ബൂമ്ര കളിക്കാൻ സാദ്ധ്യതയില്ല എന്ന വാർത്തകൾ മുംബൈ ആരാധകരെയും നിരാശരാക്കുകയാണ്.
ഐപിഎല്ലിന് ശേഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പടിവാതിലിൽ എത്തി നിൽക്കുകയാണ് ടീം ഇന്ത്യ. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇനി അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇന്ത്യയാകും ഫൈനലിൽ ഓസ്ട്രേലിയയുടെ എതിരാളികൾ എന്നത് ഏറെക്കുറേ ഉറപ്പാണ്. ബൂമ്രയുടെ നടുവിനേറ്റ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരമാണ് എന്നാണ് അന്താരാഷ്ട്ര സ്പോർട്സ് മാദ്ധ്യമത്തിൽ അടുത്തയിടെ വന്ന ലേഖനം സൂചിപ്പിക്കുന്നത്. ഇത് ശരിയാണെങ്കിൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ബൂമ്രക്ക് നഷ്ടമായേക്കും.
ഒക്ടോബർ- നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ബൂമ്രയുടെ സേവനം ഉറപ്പാക്കുന്നതിലാണ് നിലവിൽ ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഏകദേശം ഇതേ കാലയളവിൽ തന്നെ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ ബൂമ്ര കളിക്കുമോ എന്നതും ആരാധകർ ഉറ്റു നോക്കുകയാണ്.
കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെയാണ് ബൂമ്രയ്ക്ക് പരിക്കേൽക്കുന്നത്. തുടർന്ന് നടന്ന ഏഷ്യാ കപ്പിലും ട്വന്റി 20 ലോകകപ്പിലും താരം കളിച്ചിരുന്നില്ല. ഇടയ്ക്ക് ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് മത്സരങ്ങളിൽ ബൂമ്ര കളിച്ചുവെങ്കിലും, പരിക്ക് വീണ്ടും അലട്ടിയതിനെ തുടർന്ന് പിന്നീട് പിന്മാറുകയായിരുന്നു.
Discussion about this post