ബംഗളൂരു: കർണാടകയിലെ ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 450 കോടി രൂപ ചെലവിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. താമരയുടെ മാതൃകയിലാണ് വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ. മധ്യ കർണാടകയിലെ ജനങ്ങൾക്ക് ഏറെ സഹായകമാകുന്നതാണ് പുതിയ വിമാനത്താവളം. വിനോദസഞ്ചാരം, ഐടി, വ്യവസായം തുടങ്ങീ വിവിധ മേഖലകളിലെ വളർച്ചയ്ക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനം സഹായകമാകുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
മണിക്കൂറിൽ ശരാശരി 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ടെർമിനൽ. വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ മലനാട് മേഖലയുടെ കേന്ദ്രമായി ശിവമോഗ മാറുമെന്ന് പാർലമെന്റ് അംഗം ബി.വൈ.രാഘവേന്ദ്ര പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വിമാനത്താവളത്തിൽ വിമാനങ്ങളുടെ പരീക്ഷണ പറക്കൽ ആരംഭിച്ചിരുന്നു. വിമാനത്താവളം ഉദ്ഘാടനത്തിന് ശേഷം ശിക്കാരിപുര-റാണിബെന്നൂർ റെയിൽപാതയുടേയും കൊട്ടെഗംഗുരു കോച്ചിംഗ് ഡിപ്പോയുടേയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
ബെളഗാവിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിമൂന്നാം ഗഡു വിതരണവും പ്രധാനമന്ത്രി നിർവഹിക്കും. 190 കോടി രൂപ ചെലവിൽ നിർമ്മിച്ച ബെളഗാവി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 930 കോടി ചെലവിൽ നടപ്പാക്കുന്ന ബെളഗാവി-ലോണ്ട റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതിക്കും തുടക്കമിടും. മുംബൈ-പുണെ-ഹുബ്ബള്ളി- ബംഗളൂരു റെയിൽപാതയിൽ ഉൾപ്പെടുന്ന ബെളഗാവി-ലോണ്ട പാതയുടെ ഇരട്ടിപ്പിക്കൽ ചരക്കുനീക്കം വേഗത്തിലാക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post