കൊച്ചി : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ ”അമ്മ”യും മോഹൻലാലും പിന്മാറി. നോൺ പ്ലേയിങ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിൻമാറിയ മോഹൻലാൽ തന്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. സിസിഎല്ലുമായുള്ള ഭിന്നതയെ തുടർന്നാണ് താരസംഘടനയുടെ പിന്മാറ്റം എന്നാണ് വിവരം.
നിലവിൽ കളിക്കുന്ന ടീമുമായി ”അമ്മ”യ്ക്ക് ഒരു ബന്ധവുമില്ലെന്നും മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഇടവേള ബാബു അറിയിച്ചു. ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വെച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ലീഗ് എന്നും ഇടവേള ബാബു പ്രതികരിച്ചു.
തമിഴ് ചലച്ചിത്രതാരം രാജ്കുമാർ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സൻ എന്നിവരാണ് ഇപ്പോൾ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥർ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർഷം സിസിഎൽ നടക്കുന്നത്. ഇടവേള ബാബുവായിരുന്നു കഴിഞ്ഞ 8 വർഷം ടീം മാനേജർ. ടീമിന്റെ നടത്തിപ്പ് താരസംഘടനയായ അമ്മയായിരുന്നു.
Discussion about this post