കൊച്ചി : തന്റെ കലാലയ ഓർമ്മകൾ പുതുക്കിക്കൊണ്ട് മഹാരാജാസ് കോളേജിലേക്കുള്ള മടക്കം മനോഹരമായ വീഡിയോയായി അവതരിപ്പിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ”കണ്ണൂർ സ്‌ക്വാഡ്” എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കോളേജിൽ എത്തിയപ്പോൾ എടുത്ത വീഡിയോയാണിത്.
നടനല്ലാത്ത കാലത്ത് കഥയെയും കഥാപാത്രങ്ങളെയും സ്വപ്‌നം കണ്ടുനടന്ന കലാലയത്തിലേക്കുള്ള തിരിച്ചുപോക്കാണിതെന്ന് വീഡിയോയിൽ പറയുന്നുണ്ട്. ‘എന്നെങ്കിലും ഒരിക്കൽ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം അതും സംഭവിച്ചു’- എന്ന് പറഞ്ഞ് വാഹനത്തിൽ മഹാരാജസിൻറെ മുന്നിൽ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
‘ലൈബ്രറിയിൽ നിന്നത് മലയാളിയുടെ മഹാ നടനല്ല, ചെമ്പ് എന്ന ദേശത്തുനിന്ന് കായൽകടന്ന് കോളേജിലെത്തിയ മുഹമ്മദുകുട്ടിയെന്ന ആ പഴയ ചെറുപ്പക്കാരനാണ്.” മമ്മൂട്ടി പറഞ്ഞു. ലൈബ്രറിയിലെത്തിയ മമ്മൂട്ടി പഴയ മാഗസിനുകൾ അന്വേഷിക്കുകയും അത് കണ്ടെത്തിയപ്പോൾ ആവേശത്തോടെ അതിലെ ഓരോ പേജും മറിച്ച് നോക്കുകയും ചെയ്തു. ആദ്യമായി തന്റെ ഫോട്ടോ മാഗസിനിൽ അച്ചടിച്ചു വന്നതും താരം പങ്കുവെയ്ക്കുന്നുണ്ട്. തുടർന്ന് മഹാരാജാസിലെ വിദ്യാർത്ഥികളോടൊപ്പം സെൽഫിയെടുത്താണ് മമ്മൂട്ടി മടങ്ങിയത്.
കാലം മാറും, കലാലയത്തിൻറെ ആവേശം അത് മാറില്ല. ആ പുസ്തകത്തിലെ ചിത്രത്തിൽ നിന്നും ആ മൊബൈലിൽ പതിഞ്ഞ ചിത്രത്തിലേക്കുള്ള ദൂരം – എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.












