തിരുവനന്തപുരം : വിദ്യാർത്ഥിയെ പോലീസ് ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. വെഞ്ഞാറമ്മൂടാണ് സംഭവം. സ്ഥലം എസ്‌ഐ ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചെന്ന പരാതിയുമായി യുഐടി വിദ്യാർത്ഥി ആദിത്യനാണ് രംഗത്തെത്തിയിരിക്കുന്നത്. പോലീസ് മർദിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
എസ്‌ഐ രാഹുൽ അകാരണമായി കസ്റ്റഡിയിലെടുത്ത് മർദിച്ചുവെന്നാണ് വിദ്യാർത്ഥി പറയുന്നത്. കൈയ്യിൽ വിലങ്ങിട്ട് കാലിൽ ചവിട്ടി തറയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. നിലത്തിട്ട് ചവിട്ടി, ചെവിയിൽ അടിക്കുകയായിരുന്നു. മുടിയിൽ പിടിച്ച് വലിച്ചുവെന്നും വിദ്യാർത്ഥി പറയുന്നുണ്ട്.
തനിക്കും കുടുംബത്തിനുമെതിരെ പോലീസ് അസഭ്യം പറഞ്ഞുവെന്നും വിദ്യാർത്ഥി വെളിപ്പെടുത്തി. ഷർട്ട് വലിച്ച് കീറി സെല്ലിന്റെ കമ്പിക്കിടയിലൂടെ കൈവെച്ച് വിലങ്ങണിയിച്ചു. നിൽക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ക്രൂരതയ്ക്കിരയായ ആദിത്യൻ പറഞ്ഞു. പോലീസ് അതിക്രമത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
പോലീസുകാർ ചേർന്ന് വിദ്യാർത്ഥിയെ അസഭ്യം പറയുന്നതും മർദ്ദിക്കുന്നതും കൃത്യമായി കേൾക്കാൻ സാധിക്കും. ആദിത്യൻ അലറിക്കരയുന്ന ശബ്ദവും കേൾക്കാം.
Discussion about this post