തന്നെ ഉപദ്രവിച്ച ആളെ ഓർത്തു വെച്ച് തക്കം കിട്ടിയാൽ പ്രതികാരം ചെയ്യുന്ന ആനയുടെ കഥകളും സംഭവങ്ങളും നമുക്കറിയാം. സൂചി കൊണ്ട് തുമ്പിക്കൈയിൽ കുത്തിയ തയ്യൽക്കാരനെ പുഴയിൽ നിന്ന് വെള്ളമെടുത്ത് കുളിപ്പിച്ച ആനക്കഥ പ്രസിദ്ധമാണല്ലോ. അതുപോലെ തന്നെയാണ് പോത്തുകളും. പ്രധാനമായും ആഫ്രിക്കൻ പോത്തുകളാണ് അപാരമായ ഓർമ്മ ശക്തി സൂക്ഷിക്കുന്നത്. വേട്ടയാടാൻ വരുന്നവരെ ഏറ്റവും കൂടുതൽ കൊല്ലുന്നതും ഈ പോത്തുകൾ തന്നെ.
അഞ്ചരയടി വരെ പൊക്കവും 11 അടി വരെ നീളവും വെക്കുന്ന കൂറ്റൻ മൃഗമാണ് ആഫ്രിക്കൻ പോത്ത്. ഇന്ത്യൻ പോത്തുകൾക്ക് ഇത്രയും വലുപ്പമില്ല. ഏതാണ്ട് 300 മുതൽ 800 കിലോഗ്രാമോളം ഭാരവും ഇവയ്ക്കുണ്ടായിരിക്കും. കാളയേക്കാൾ നാല് മടങ്ങ് ശക്തിശാലിയാണ് ഇത്തരം പോത്തുകൾ.
പത്തു മുതൽ ആയിരം വരെ വരുന്ന കൂട്ടങ്ങൾക്കൊപ്പമാണ് പോത്തുകൾ സാധാരണയായി കാണപ്പെടുക. കുഞ്ഞുകുട്ടികൾ മുതൽ വലിയ കിഴവന്മാർ വരെ ഈ കൂട്ടത്തിന്റെ ഭാഗമാണ്, ഒറ്റയ്ക്ക് നടക്കാൻ ആഗ്രഹിക്കുന്ന ഒറ്റയാന്മാരും അപൂർവ്വമായുണ്ട്. ദിവസം നാൽപ്പത് ലിറ്റർ വരെ വെള്ളം കുടിക്കുന്ന ഇവർ ജലാശയത്തിന് അധികം ദൂരേക്ക് പോകാറില്ല.
തങ്ങളുടെ കൂട്ടത്തിൽ പെട്ടവരെ കൊന്ന സിംഹകൂട്ടത്തെ ആക്രമിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. നായാട്ടുകാരെ ഓർത്ത് വെച്ച് കൊല്ലുന്നതും ഇവയുടെ പ്രത്യേകതയാണ്.മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഇവയുടെ പ്രജനന കാലം.
Discussion about this post