ജയ്പൂർ: വയോധികന്റെ അർബുദം ബാധിച്ച ജനനേന്ദ്രിയം മാറ്റി വെച്ചു. രോഗിയുടെ ഇടത് കൈയിലെ രക്തക്കുഴലുകളും ചർമവും ഉപയോഗിച്ചാണ് ജനനേന്ദ്രിയം പുനർ നിർമ്മിച്ചത്. ജയ്പൂരിലെ ഭഗവാൻ മഹാവീർ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലായിരുന്നു ശസ്ത്രക്രിയ.
അർബുദം ബാധിച്ച ജനനേന്ദ്രിയം നീക്കം ചെയ്ത ശേഷം പ്ലാസ്റ്റിക് സർജറിയിലൂടെയാണ് ജനനേന്ദ്രിയം പുനർനിർമ്മിച്ചത്. 5 ഡോക്ടർമാർ അടങ്ങിയ 15 അംഗ സംഘമായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയിലൂടെ മൂത്രനാളിയും സ്പർശന ശേഷിയും പുനസ്ഥാപിക്കാൻ കഴിഞ്ഞു. യഥാർത്ഥ ജനനേന്ദ്രിയവുമായി വലിപ്പത്തിലും ആകൃതിയിലും സാമ്യമുള്ളതാണ് പുനർനിർമ്മിച്ച ജനനേന്ദ്രിയം. രാജസ്ഥാനിലെ ബുണ്ടി സ്വദേശിയാണ് 72 വയസ്സുകാരനായ രോഗി. രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം ഇദ്ദേഹത്തിന് സാധാരണ ജീവിതം നയിക്കാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.
ജനനേന്ദ്രിയ അർബുദം ബാധിച്ചാൽ 50 ശതമാനം രോഗികളുടെയും ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാറുണ്ട്. ഇത്തരക്കാർക്ക് പ്രതീക്ഷയേകുന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം. 2017ലാണ് ഭഗവാൻ മഹാവീർ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ആദ്യ ജനനേന്ദ്രിയം മാറ്റി വെക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ഇതുവരെ ഇവിടെ ഇത്തരത്തിലുള്ള പത്ത് ശസ്ത്രക്രിയകളാണ് നടന്നിട്ടുള്ളത്.
Discussion about this post