ഇസ്ലാമാബാദ്: പാകിസ്താന്റെ ഖൈബർ പഖ്തൂൺഖ്വ മേഖല പിടിച്ചെടുക്കാനുള്ള പാക് താലിബാന്റെ ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തിയതായി വിവരം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഈ മേഖലയിൽ പാക് താലിബാൻ ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. പ്രദേശത്ത് നിന്നും ഭരണകൂടത്തെ താഴെയിറക്കി അധികാരം പിടിച്ചെടുക്കാനും ശരീഅത്ത് നിയമപ്രകാരം പ്രവർത്തിക്കുന്ന ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കാനുമാണ് പാക് താലിബാൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.
പാക് താലിബാൻ അംഗങ്ങളുടെ പരീശീലനത്തിനും മറ്റുമുള്ള സങ്കേതമായാണ് ഖൈബർ പഖ്തുൺഖ്വ മേഖലയെ കണക്കാക്കുന്നത്. പാക്-അഫ്ഗാനിസ്ഥാൻ അതിർത്തിപ്രദേശമായത് കൊണ്ട് തന്നെ ഭീകരപ്രവർത്തനം ശക്തമാക്കാമെന്ന് ഇവർ കരുതുന്നു.
ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ, വാഹനങ്ങൾ ഉപയോഗിച്ചുള്ള സ്ഫോടനം, ചാവേർ സ്ഫോടനങ്ങൾ, ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഇടങ്ങൾ ആക്രമിക്കാൻ തീവ്രവാദികൾ നിരവധി തന്ത്രങ്ങളാണ് ഉപയോഗിച്ചത്.
ഭീകരതയ്ക്കെതിരായ പ്രതിരോധം നിലനിർത്തുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടതിനെ യുഎസ് റിപ്പോർട്ട് വിമർശിക്കുന്നുണ്ട്., ഇതാണ് തീവ്രവാദ ഗ്രൂപ്പുകൾക്ക് കാലാകാലങ്ങളിൽ വീണ്ടും സംഘടിക്കാനും വീണ്ടും ഒത്തുചേരാനും കഴിയുന്നതിന്റെ കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ മണ്ണ് ഉപയോഗിക്കാനും രാജ്യത്ത് പ്രവർത്തിക്കാനും ഒരു തീവ്രവാദ ഗ്രൂപ്പിനെയും അനുവദിക്കില്ലെന്ന അവകാശവാദം പാകിസ്താൻ പാലിക്കുന്നില്ലെന്ന് റിപ്പോർട്ട് വിമർശിക്കുന്നു
Discussion about this post