ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ ജൻ ഔഷധി പദ്ധതിയിലൂടെ രാജ്യത്ത് 1000 കോടിയിലധികം രൂപയുടെ വിൽപ്പന നടത്തിയതായി റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ, ഫെബ്രുവരി 15 വരെ ഫാർമസ്യൂട്ടിക്കൽസ് & മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ ജൻ ഔഷധി റീട്ടെയിൽ കേന്ദ്രങ്ങളിലൂടെ നടന്ന വിൽപ്പനയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് രാജ്യത്തെ പൗര സമൂഹത്തിന് ഏകദേശം 6,000 കോടിക്ക് മുകളിൽ രൂപ ലാഭിക്കാൻ കാരണമായതായി പിഎംബിഐ സിഇഒ ശ്രീ രവി ദധിച്ച് പറഞ്ഞു.
ജൻ ഔഷധി ഔദ്യോഗിക കണക്ക് പ്രകാരം ബ്രാൻന്റഡ് മരുന്നുകളുടെ വിലയേക്കാൾ 50 മുതൽ 90 ശതമാനം ഇവിടെ കുറവാണെന്ന് രവി ദധിച്ച് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ(2021-2022) രാജ്യത്ത് 893.56 കോടി രൂപയുടെ വിൽപ്പന കൈവരിച്ചിരുന്നു. ഇത്് രാജ്യത്തെ സാധാരണക്കാർക്ക് ഏകദേശം 5,360 കോടി രൂപ ലാഭിക്കാൻ കാരണമായി.
ജനുവരി 31 വരെ, രാജ്യത്തുടനീളം 9,082 ജൻ ഔഷധി റീട്ടെയിൽ ഔട്ട്ലെറ്റുകൾ പ്രവർത്തിച്ചു. ഈ കേന്ദ്രങ്ങളിലൂടെ ഏകദേശം 1,759 മരുന്നുകളും 280 ശസ്ത്രക്രിയാ ഇനങ്ങളിൽ പെട്ട വസ്തുക്കളുമാണ് വിൽപ്പന നടത്തിയത്. രാജ്യത്തുടനീളം ദിനംപ്രതി 12 ലക്ഷം ആളുകൾ ഈ റീട്ടെയിൽ കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ജൻ ഔഷധി പദ്ധതി ആരംഭിച്ച് അഞ്ച് വർഷം പൂർത്തീകരിക്കുന്ന വേളയിൽ രാജ്യവ്യാപകമായി ബോധവൽക്കരണ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. മാർച്ച് 1 മുതൽ 7 വരെ വിവിധ നഗരങ്ങളിൽ പരിപാടികൾ സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജനയെ കുറിച്ച് അറിയാത്തവരിലും ജൻഔഷധിയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ സൃഷ്ടിക്കുന്നവരിലും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
Discussion about this post