ന്യൂഡൽഹി : ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി വനിതാ നേതാവിനെ പരിഗണിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. സിപിഎമ്മിന്റെ രാവണൻ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന, മുൻ മുഖ്യമന്ത്രി മണിക് സർക്കാർ 25 വർഷം തുടർച്ചയായി കൈവശം വെച്ചിരുന്ന ധൻപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും മിന്നും പ്രകടം കാഴ്ചവെച്ച് വിജയിച്ച പ്രതിമ ഭൗമിക്കിനെയാണ് ഈ സ്ഥാനത്തേക്ക് ആലോചിക്കുന്നത്. കേന്ദ്ര മന്ത്രിയാകുന്ന ആദ്യ ത്രിപുര സ്വദേശിനിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടാമത്തെ വനിതയുമാണ് പ്രതിമ ഭൗമിക്. നിലവിൽ കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ വകുപ്പ് സഹമന്ത്രിയാണ്.
നിലവിലെ മുഖ്യമന്ത്രി മണിക് സാഹയെ പകരം കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. സിപിഎം കോട്ടയായിരുന്ന ധൻപൂർ പിടിച്ചെടുക്കുക എന്നതാണ് പ്രതിമയെ ഇത്തവണ ഏൽപ്പിച്ച ദൗത്യം. 2018 ലെതിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയെങ്കിലും ധൻപൂരിൽ സിപിഎമ്മിന് കൈമോശം വന്നിരുന്നില്ല. അന്നും പ്രതിമ തന്നെയായിരുന്നു മണിക് സർക്കാരിന്റെ എതിരാളി. ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും പ്രതിമ ഭൗമിക്ക് അന്ന് രണ്ടാമതായി.
എന്നാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ത്രിപുരയിൽ നിന്നും വിജയിച്ച് കേന്ദ്ര മന്ത്രിയായതോടെ ധൻപൂരിലെ ഏതൊരു ആവശ്യത്തിനും, എം എൽ എ മണിക് സർക്കാറിനേക്കാൾ ജനങ്ങൾ ആശ്രയിക്കുന്ന നേതാവായി അവർ മാറി. തുടർന്നാണ് ഇത്തവണയും ധൻപൂരിൽ നിന്ന് സിപിഎമ്മിന്റെ
കൗശിക് ചന്ദക്കെതിരെ മത്സരിച്ച് പ്രതിമ വിജയിച്ചത്.
Discussion about this post