2021 ഡിസംബറില്‍ ബ്രിട്ടീഷ് അഭിനേത്രിയായ റോസ് ഏയ്‌ലിംഗ് എല്ലിസ് ലോകജനതയെ തന്നെ വിസ്മയിപ്പിച്ചൊരു കാര്യം ചെയ്തു. യുകെയിലെ സെലിബ്രിറ്റി ഡാന്‍സ് മത്സരമായ ‘Strictly Come Dancing’ -ൽ അവര്‍ കിരീടം ചൂടി. അതിലിത്ര വലിയ കാര്യമെന്താണെന്ന് ചിന്തിക്കുന്നവരോട് ഇത്രയേ പറയാനുള്ളു – ഈ നേട്ടം അതുല്യമാകുന്നത് എന്തെന്നാല്‍ റോസ് ജന്മനാ ബധിരയായിരുന്നു എന്നതുകൊണ്ടാണ്. കേള്‍വിശക്തി ഇല്ലാത്തൊരാള്‍ ഒരു പാട്ടിനൊത്ത്, അതിന്റെ താളത്തിനൊത്ത്, അതിമനോഹരമായി നൃത്തം ചെയ്ത് ഒന്നാംസ്ഥാനം തന്നെ നേടുകയെന്നത് ചെറിയ കാര്യമാണോ. പരിപാടി നടക്കുമ്പോള്‍ കാണികളോട് കയ്യടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കാരണം ഡാന്‍സ് ചെയ്യുമ്പോള്‍ തറയിലൂടെയാണ് റോസ് പാട്ടിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞിരുന്നത്. കാണികള്‍ കയ്യടിക്കുക കൂടി ചെയ്താല്‍ പാട്ടിന്റെ താളം അവള്‍ക്ക് നഷ്ടമാകുമായിരുന്നു. റോസിന്റെ നേട്ടം ആഘോഷിക്കപ്പെടുക തന്നെ വേണം. ക്ഷമയിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും കേള്‍വിശക്തി ഇല്ലാത്തവര്‍ക്ക് അവരാഗ്രഹിക്കുന്ന എന്തും ചെയ്യാനാകുമെന്ന് ബോധ്യപ്പെടുത്താന്‍ ഈ നേട്ടം ആഘോഷിക്കപ്പെടുക തന്നെ വേണം.
ഇന്ന് ലോക കേള്‍വിദിനമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് 3 നമ്മള്‍ കേള്‍വി ദിനമായി ആചരിക്കുന്നു. കാതുകളും കേള്‍വിശക്തിക്കും എത്രത്തോളം പ്രധാനമാണെന്നും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ലോകജനതയെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഓരോ കേള്‍വിദിനവും കടന്നുപോകുന്നത്. അതുമാത്രമല്ല, കേള്‍വിശക്തി നഷ്ടപ്പെടാതിരിക്കാനുള്ള വഴികളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു. ‘കാതുകളുടെയും കേള്‍വിയുടെയും പരിചരണം എല്ലാവര്‍ക്കും’ എന്നതാണ് ഈ വര്‍ഷത്തെ കേള്‍വിദിനത്തിന്റെ തീം. വൈദ്യശാസ്ത്ര പരിശോധനകളില്‍ കാതുകളുടെയും കേള്‍വിശക്തിയുടെയും പരിചരണം ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ആശയത്തിലൂടെ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.
ശബ്ദങ്ങളുടെ ലോകം അന്യമായവരുടെ ജീവിതം അടുത്തറിഞ്ഞാല്‍ കേള്‍വിശക്തിയുടെ വില നമുക്ക് ബോധ്യപ്പെടും. കേള്‍വിശക്തി ഇല്ലാതായാല്‍ അത് നമ്മുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും തൊഴിലവസരങ്ങളെയും സാരമായി ബാധിക്കും. ഇതിനോടകം തന്നെ കേള്‍വിശക്തി നഷ്ടമാകല്‍ ഒരു ആഗോള ആരോഗ്യപ്രശ്‌നമാണ്. ലോകജനതയില്‍ ഭൂരിഭാഗം പേരും വാര്‍ധക്യത്തിലേക്ക് അടുക്കുമ്പോള്‍ ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. കേള്‍വിശക്തി നഷ്ടമാകല്‍ ഭാവിയിലെ ഒരു മഹാമാരിയായിരിക്കുമോ എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്.
കേള്‍വിശക്തി ഇല്ലാതായാല്‍ പല രീതിയിലും അത് ജീവിതത്തെ ദോഷകരമായി ബാധിക്കും. ഡിപ്രഷന്‍, ഉത്കണ്ഠ, ഒറ്റപ്പെടല്‍, സമൂഹത്തില്‍ നിന്ന് ഉള്‍വലിയല്‍ തുടങ്ങിയ മാനസികമായ പ്രശ്‌നങ്ങളാണ് അതില്‍ ഏറ്റവും പ്രധാനം. അതുമാത്രമല്ല, നടത്തവുമായി ബന്ധപ്പെട്ട തകരാറുകള്‍, ഓര്‍മ്മക്കുറവ്, വീഴ്ച എന്നീ പ്രശ്‌നങ്ങളും കേള്‍വിശക്തി ഇല്ലാതാകുന്നതിന്റെ ഭാഗമായി അനുഭവപ്പെടാം. കുട്ടികളിലാണെങ്കില്‍, ഭാഷ, സംസാര വൈകല്യങ്ങള്‍ക്കും അത് പിന്നീട് വിദ്യാഭ്യാസപരമായും തൊഴില്‍പരവുമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
ഒരു മഹാമാരി കണക്കെയാണ് കേള്‍വിശക്തി നഷ്ടമാകല്‍ സമൂഹത്തെ ബാധിക്കുന്നത്. ലോകജനതയ്ക്ക് പ്രായമാകുന്നതോടെ ഈ പ്രശ്‌നം വലിയ പ്രതിസന്ധിയായി മാറുകയും ചെയ്യും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവില്‍ 1.5 ശതകോടി ആളുകള്‍ക്ക് കേള്‍വിശക്തി പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതില്‍ 430 ദശലക്ഷം ആളുകള്‍ക്ക്, (അതായത് ലോകജനസംഖ്യയുടെ 5 ശതമാനം) കേള്‍വിശക്തി പ്രശ്‌നങ്ങള്‍ കാരണം പുനരധിവാസം ആവശ്യമുള്ളവരാണ്. 2050ഓടെ 700 ദശലക്ഷം ആളുകള്‍ക്ക് കൂടി കേള്‍വിശക്തി നഷ്ടമാകുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കുകൂട്ടുന്നത്. അങ്ങനെ വന്നാല്‍ ലോകത്താകമാനം 2.5 ശതകോടി ആളുകള്‍ക്ക് പല അളവുകളില്‍ കേള്‍വിശക്തി പ്രശ്‌നങ്ങള്‍ ഉണ്ടാകും.
Discussion about this post