മനസ്സിനെയൊന്ന് തണുപ്പിക്കണമെന്ന് തോന്നുമ്പോള്‍ മിക്കവര്‍ക്കും ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ചിന്ത, ഒരു യാത്ര പോകുന്നതിനെ കുറിച്ചായിരിക്കും. പക്ഷേ ലക്ഷ്യസ്ഥാനത്തിന്റെ കാര്യത്തില്‍ പലര്‍ക്കും പല ഇഷ്ടങ്ങളായിരിക്കും. ചിലര്‍ക്ക് കോടമഞ്ഞ് പുതച്ച് കിടക്കുന്ന ഏതെങ്കിലും ഹില്‍സ്‌റ്റേഷന്‍, മറ്റുചിലര്‍ക്ക് എത്ര പോയാലും മതിവരാത്ത കടല്‍ത്തീരങ്ങള്‍, ചിലര്‍ക്ക് ഭക്തിയില്‍ സ്വയമലിയാന്‍ ഏതെങ്കിലും തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ഇനി വിസ്മൃതിയിലാണ്ട ചരിത്രത്തെ പൊടിതട്ടിയെടുക്കാന്‍ ഇഷ്ടമുള്ളവര്‍ക്കാണെങ്കില്‍ പോകാന്‍ ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും നമ്മുടെ ഇന്ത്യയിലുണ്ട്.
പക്ഷേ ഇതൊന്നും അല്ലാതെ വ്യത്യസ്തമായി, അങ്ങനെ എല്ലാവരും പോകാത്ത, ബഹളങ്ങളൊന്നുമില്ലാത്ത, സ്വസ്ഥവും സ്വച്ഛവും പച്ചപ്പും മാത്രം നിറഞ്ഞ ഒരിടം തേടുന്നവര്‍ പോകേണ്ടത് നമ്മുടെ കാടുകളിലേക്കാണ്. വന്യതയുടെ ഗാംഭീര്യവും നിഗൂഢതയും അറിഞ്ഞുള്ള ജംഗിള്‍ സഫാരി വളരെ വ്യത്യസ്തമായ യാത്രാനുഭവം തന്നെയാണ്. പക്ഷേ വെറുതേയങ്ങ് കാടുകയറുക എളുപ്പവുമല്ല, സുരക്ഷിതവുമല്ല. ജംഗിള്‍ സഫാരിക്ക് അവസരം നല്‍കുന്ന നിരവധി ദേശീയോദ്യാനങ്ങള്‍ നമ്മുടെ ഇന്ത്യയിലുണ്ട്. പച്ചപ്പും ശുദ്ധവായവും ആവോളം നുകര്‍ന്ന് സിംഹവും കടുവയുമടക്കമുള്ള വന്യമൃഗങ്ങളെയും കണ്ട് മനസ്സ് നിറഞ്ഞ് തിരിച്ചുവരാന്‍ ഒരു ജംഗിള്‍ സഫാരിക്ക് പോയാലോ.
ഇന്ത്യയിലെ മികച്ച ജംഗിള്‍ സഫാരി കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ബന്ദിപ്പൂര്‍ ദേശീയോദ്യാനം, കര്‍ണ്ണാടക
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏറ്റവും വേഗം എത്താന്‍ കഴിയുന്ന ദക്ഷിണേന്ത്യയിലെ പ്രധാന ദേശീയോദ്യാനമാണ് ബന്ദിപ്പൂര്‍ ദേശീയോദ്യാനം. നാഗര്‍ഹോള, മുതുമലൈ, ബന്ദിപ്പൂര്‍ എന്നിവയെല്ലാം പ്രധാനപ്പെട്ട കടുവാസങ്കേതങ്ങളാണ്. രാജ്യത്ത് ആകെയുള്ള കടുവകളുടെ മൂന്നിലൊന്നും പശ്ചിമഘട്ടത്തിലാണ്. ബസ് സവാരി, ആന സവാരി, ജീപ്പ് സവാരി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഊട്ടി-മൈസൂര്‍ ദേശീയപാതയിലാണ് ബന്ദിപ്പൂര്‍ ദേശീയോദ്യാനമുള്ളത്. മാര്‍ച്ച്-ജൂണ്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവുമധികം ആളുകളെത്തുന്നത്. രാവിലെ 6.30 മുതല്‍ 9 മണിവരെയും വൈകുന്നേരം 3.30 മുതല്‍ 5.30 വരെയും ഇവിടെ ജംഗിള്‍ സഫാരി ഉണ്ട്. കടുവ, ആന, വരയാടുകള്‍, ലംഗൂര്‍ കുരങ്ങ്, മാനുകള്‍, പുള്ളിപ്പുലി എന്നിവയൊക്കെയാണ് സാധാരണയായി ഇവിടെ കാണാറുള്ളത്.
ജിം കോര്‍ബെറ്റ് ദേശീയോദ്യാനം, ഉത്തരാഖണ്ഡ്
രാജ്യത്തെ ഏറ്റവും പഴയതും രാജ്യത്തിന്റെ അഭിമാനവുമായ ദേശീയോദ്യാനമാണ് ജിം കോര്‍ബെറ്റ് ദേശീയോദ്യാനം. ഹിമാലയത്തിന്റെ മടിത്തട്ടിലെ ഈ സുന്ദര വനഭൂമി വന്യമൃഗങ്ങളുടെ ഇഷ്ടഭൂമിയാണ്. കടുവകള്‍ തന്നെയാണ് ഇവിടെയും പ്രധാന കാഴ്ച. കൂടാതെ കരടി, പുള്ളിപ്പുലി, മാന്‍ തുടങ്ങിയ മൃഗങ്ങളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. മാര്‍ച്ച്-ജൂണ്‍ മാസങ്ങളിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. രാവിലെ 6.30 മുതല്‍ 10 മണി വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 5.30 വരെയുള്ള സമയത്തും ഇവിടെ ജംഗിള്‍ സഫാരി സൗകര്യമുണ്ട്.
https://youtu.be/mXYIb7mMhAk
കന്‍ഹ ദേശീയോദ്യാനം
രുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ജംഗിള്‍ബുക്കിലൂടെ നമ്മുടെയൊക്കെ മനസില്‍ പതിഞ്ഞ കാടാണ് കന്‍ഹ ദേശീയോദ്യാനം. ഈ ദേശീയോദ്യാനത്തിലെ വലിയൊരു മേഖല മുഴുവന്‍ തുറസ്സായ പുല്‍ത്തകിടിയാണ്. കടുവകളും കുറുക്കനും കാട്ടുപോത്തുമടക്കം നിരവധി മൃഗങ്ങളെ കന്‍ഹ ദേശീയോദ്യാനത്തില്‍ കാണാനാകും. മുക്കിയില്‍ നിന്നുള്ള ആന സഫാരിയില്‍ കടുവകളെ കാണാനുള്ള സാധ്യത കൂടുതലാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ഇവിടെ ഏറ്റവുമധികം മൃഗങ്ങളെ കാണാനാകുക. സൂര്യോദയം മുതല്‍ രാവിലെ പത്ത് മണി വരെയും വൈകിട്ട് 3.30 മുതല്‍ സൂര്യാസ്തമയം വരെയും ഇവിടെ ജംഗിള്‍ സഫാരിയുണ്ട്.
സത്പുര ദേശീയോദ്യാനം, മധ്യപ്രദേശ്
സത്പുര ദേശീയോദ്യാനത്തില്‍ ഒരു ദിവസം 12 വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഈ ദേശീയോദ്യാനത്തില്‍ സോന്‍ഭദ്ര നദിയുടെ മേഖലയിലാണ് സാധാരണയായി കടുവകളെ കാണാറുള്ളത്. ഭാഗ്യമുണ്ടെങ്കില്‍ വേനല്‍ക്കാലത്ത് നദിയില്‍ കടുവകള്‍ നീന്തുന്ന കാഴ്ചയും കാണാനാകും. ഏപ്രില്‍, മെയ് മാസങ്ങളാണ് ഇവിടുത്തെ സീസണ്‍. രാവിലെ ഏഴുമണി മുതല്‍ പതിനൊന്ന് മണി വരെയാണ് ഇവിടെ ജംഗിള്‍ സഫാരി നടത്തുന്നത്.
രാന്‍തംബോര്‍ ദേശീയോദ്യാനം, രാജസ്ഥാന്‍
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളില്‍ ഒന്നാണ് രാന്‍തംബോര്‍ ദേശീയോദ്യാനം.വന്യമൃഗങ്ങളുടെ ഫോട്ടോ എടുക്കാന്‍ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ ധാരാളമെത്തുന്ന ഇടം കൂടിയാണിത്. കടുവ, മുതല, കുറുക്കന്‍, കരടി തുടങ്ങി നിരവധി മൃഗങ്ങള്‍ ഈ ദേശീയോദ്യാനത്തിലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പ്രായമുള്ള പെണ്‍കടുവ ഇവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. രാവിലെ ഏഴുമണി മുതല്‍ 10.30 വരെയും വൈകിട്ട് 2.30 മുതല്‍ ആറുമണി വരെയും ഇവിടെ ജംഗിള്‍ സഫാരിയുണ്ട്.
ബാന്ധവ്ഗഡ് ദേശീയോദ്യാനം, മധ്യപ്രദേശ്
രാജ്യത്ത് ഏറ്റവുമധികം വന്യജീവികള്‍ ഉള്ള ദേശീയോദ്യാനമാണ് ബാന്ധവ്ഗഡ്. 100 ചതുരശ്രയടി കിലോമീറ്റര്‍ മേഖലയിലായി 50 കടുവകളാണ് ഇവിടെയുള്ളത്. സഞ്ചാരികള്‍ക്കായി ജീപ്പ് സവാരിയും ആന സവാരിയും ഇവിടെയുണ്ട്. വളരെ കുറച്ച് സ്വകാര്യ വാഹനങ്ങളെയും അകത്തേക്ക് കടത്തിവിടാറുണ്ട്. എന്നാലിതിന് മുന്‍കൂട്ടി ബുക്കിംഗ് ചെയ്യണം. ബുധനാഴ്ചകളില്‍ ഇവിടെ അവധിയാണ്. രാവിലെ 5.30 മുതല്‍ 10 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയും ഇവിടെ സഫാരി ഉണ്ട്.
Discussion about this post