ന്യൂഡൽഹി : 2023 ലെ ബിബിസി ടോപ് ഗിയർ ഇന്ത്യ അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ. ഈ വർഷത്തെ പെട്രോൾഹെഡ് ആക്ടറിനുള്ള അവാർഡാണ് താരം സ്വന്തമാക്കിയത്. ചുപ് എന്ന ചിത്രത്തിലെ പ്രകടനമാണ് ദുൽഖറിനെ അവാർഡിന് അർഹനാക്കിയത്.
അടുത്തിടെയാണ് ദുൽഖർ സൽമാന് ദാദാസാഹിബ് ഫാൽക്കേ പുരസ്‌കാരം ലഭിച്ചത്. മികച്ച വില്ലൻ കഥാപാത്രത്തിനുള്ള പുരസ്‌കാരമായിരുന്നു ദുൽഖറിന് ലഭിച്ചത്. മലയാളത്തിലെ അഭിനേതാക്കളിൽ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ നടനാണ് ദുൽഖർ. ആർ ബൽകി രചനയും സംവിധാനവും നിർവഹിച്ച സൈക്കോളജിക്കൽ ത്രില്ലറാണ് ചുപ്പ്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്.
ബിഗ് ബജറ്റ് മാസ്സ് എന്റർടെയ്‌നർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യാണ് ഇനി ദുൽറിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഈ വർഷം ഓണത്തിന് റിലീസ് ആകും. ദുൽഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Discussion about this post