ന്യൂഡൽഹി: അന്തരീക്ഷ താപനില ഉയരാൻ കാരണമായ കാലാവസ്ഥാ പ്രതിഭാസം എൽ നിനോ മടങ്ങി വരുന്നതായി വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ. എൽ നിനോയുടെ മടങ്ങി വരവ് വരും നാളുകളിൽ ചൂട് കൂടാൻ കാരണമാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയിലെ ഏറ്റക്കുറച്ചിലുകൾക്കും താപനിലാ വ്യതിയാനത്തിനും കാരണമാകുന്ന ലാ നിന പ്രതിഭാസം കഴിഞ്ഞ മൂന്ന് വർഷങ്ങളായി നിലവിലുണ്ട്. ലാ നിനയ്ക്ക് ശേഷം, ഈ വർഷം വരുന്നത് എൽ നിനോ ആയിരിക്കും എന്നാണ് പറയപ്പെടുന്നത്. ചൂട് കൂടുന്നതിന് പുറമേ, മഴ കുറയാനും എൽ നിനോ കാരണമായേക്കും.
മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലാകും എൽ നിനോ ശക്തമാകുക. മെയ് അവസാനത്തോടെ ഇതിന്റെ ശക്തി കുറഞ്ഞേക്കും. കേരളത്തിൽ കൊടും ചൂട് അനുഭവപ്പെടുന്ന കാലമാണ് മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ.
ഭൂമിയെ പൊതുവെ തണുപ്പിക്കുന്ന പ്രതിഭാസമായാണ് ലാ നിന അറിയപ്പെടുന്നത്. എന്നാൽ ലാ നിനയുടെ സ്വാധീനം ഉണ്ടായിരുന്നിട്ടും, ലോകത്താകമാനമുള്ള കണക്ക് പ്രകാരം ഏറ്റവും ചൂട് കൂടുതലുള്ള കാലമായിരുന്നു കഴിഞ്ഞ എട്ട് വർഷക്കാലം. ഈ സാഹചര്യത്തിലാണ് ചൂടനായ എൽ നിനോയുടെ വരവ്.











