ന്യൂഡൽഹി : കോയമ്പത്തൂരിലും മംഗളൂരുവിലും ചാവേർ സ്‌ഫോടനം നടത്തിയതിന് പിന്നിൽ ഐഎസിന് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഖൊറാസൻ പ്രൊവിൻസ്(ഐഎസ്‌കെപി). വോയ്‌സ് ഓഫ് ഖൊറാസൻ എന്ന ഐഎസ് മുഖപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയിൽ സജീവമായ സംഘടന, നിരവധി ഗൂഢാലോചനകൾ നടത്തിവരികയാണെന്ന സൂചനകളും ഇതിലൂടെ ലഭിക്കുന്നുണ്ട്.
ഏത് ദക്ഷിണേന്ത്യൻ സംസ്ഥാനത്താണ് ‘മുജാഹിദീനുകൾ’ സജീവമായിരിക്കുന്നത് എന്ന് വ്യക്തമല്ല. എന്നാൽ അവർ കേരളത്തിലാണെന്നും തമിഴ്നാട്ടിലെയും കർണാടകയിലെയും ചില ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു. കഴിഞ്ഞ വർഷം കോയമ്പത്തൂരിൽ ക്ഷേത്രത്തിന് സമീപം നടത്തിയ ചാവേർ ആക്രമണത്തിനും, മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ നടത്തിയ പ്രഷർ കുക്കർ സ്ഫോടനത്തിനും പിന്നിൽ ഐഎസ് ബന്ധമുള്ള തീവ്രവാദികളാണെന്ന് ഐഎസ്‌കെപി പറഞ്ഞു. ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവർക്ക് വേണ്ടി കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ 60 ഓളം ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഐഎസ് രംഗത്തെത്തുന്നത്.
കോയമ്പത്തൂർ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നമ്മുടെ സഹോദരങ്ങൾ മതത്തിന് വേണ്ടി കാഫിറുകളോട് പ്രതികാരം ചെയ്യുന്നത് നിങ്ങൾ കാണുന്നില്ലേ എന്ന് മുഖപത്രത്തിൽ ചോദിക്കുന്നു. ഹിന്ദുക്കൾക്കും ബിജെപി ഇന്ത്യൻ സൈന്യത്തിനുമെതിരെ യുദ്ധം ചെയ്യാൻ ദക്ഷിണേന്ത്യയിലെ മുജാഹിദീനുകളെ പ്രകോപിപ്പിക്കുന്ന തരത്തിലുളള പരാമർശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കശ്മീരിലെ അമുസ്ലീങ്ങളോട് പ്രതികാരം ചെയ്യാനും ഇതിൽ ആവശ്യപ്പെടുന്നു.
നിങ്ങളുടെ അതിക്രമം എല്ലാ പരിധികളും കടന്നിരിക്കുന്നു, ഇസ്ലാമിനോടും അതിൽ വിശ്വസിക്കുന്ന ജനങ്ങളോടുമുള്ള നിങ്ങളുടെ വിദ്വേഷം വാക്കുകളിലും പ്രവൃത്തികളിലും പ്രകടമാണ്. ഇനി നിങ്ങളുടെ സമാധാനം അരാജകത്വമായും, നിങ്ങളുടെ സുരക്ഷിതത്വം ഭയമായും, നിങ്ങളുടെ സന്തോഷം ദുഃഖമായും മാറും. എല്ലാം അള്ളാഹുവിന്റെ ഇഷ്ടപ്രകാരം നടപ്പാക്കും. അള്ളാഹുവിനെ മാത്രം ആരാധിക്കുന്നതുവരെ ഒരു അവിശ്വാസിക്കും സുരക്ഷിതത്വമോ സമാധാനമോ ഉണ്ടാകില്ലെന്നും മുഖപത്രത്തിൽ പറയുന്നുണ്ട്. പാകിസ്താനെതിരെ ഇതിൽ രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്.
Discussion about this post