ന്യൂഡൽഹി: റഷ്യയിൽ നിന്നുമുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി സർവകാല റെക്കോർഡിൽ. ഫെബ്രുവരിയിൽ പ്രതിദിനം 16 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തത്. റഷ്യയിൽ നിന്നുമുള്ള ഇറക്കുമതി കൂടിയതോടെ, ഇന്ത്യൻ വിപണി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യ പരമ്പരാഗതമായി എണ്ണ ഇറക്കുമതി ചെയ്തു കൊണ്ടിരുന്ന ഗൾഫ് രാജ്യങ്ങളും അമേരിക്കയും.
നിലവിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ മൂന്നിൽ ഒരു ഭാഗവും വരുന്നത് റഷ്യയിൽ നിന്നാണ്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ വിവിധ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഒരു ശതമാനത്തിൽ നിന്നും 35 ശതമാനമായി ഉയർത്തിയിരിക്കുന്നത്.
റഷ്യക്ക് പുറമെ നിലവിൽ ഇറാഖിൽ നിന്നും പ്രതിദിനം 9,39,921 ബാരലും സൗദിയിൽ നിന്നും 6,47,813 ബാരലും യുഎഇയിൽ നിന്നും 4,04,570 ബാരലും എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ 16 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഈ രാജ്യങ്ങളിൽ നിന്നും നിലവിൽ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്.
റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ പൊതുവിൽ ലോകരാജ്യങ്ങൾ ഒന്നും തന്നെ പ്രത്യക്ഷമായി എതിർപ്പ് അറിയിച്ചിട്ടില്ല. ജർമ്മനിയും ഇറ്റലിയും ബ്രിട്ടണും ഒക്കെ അത് ഇന്ത്യയുടെ വാണിജ്യ സ്വാതന്ത്ര്യമാണ് എന്ന നയമാണ് പൊതുവിൽ സ്വീകരിച്ചിരിക്കുന്നത്.








